മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നാണ് ദേവരാഗം. 1996ല് പുറത്തിറങ്ങിയ ഭരതന് ചിത്രത്തില് അരവിന്ദ് സാമിയും ശ്രീദേവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. എസ് എസ് കീരവാണിയൊരുക്കിയ ഗാനങ്ങള്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ശ്രീദേവി അഭിനയിച്ച അവസാന മലയാളം ചിത്രം കൂടിയായിരുന്നു ദേവരാഗം. ഇപ്പോഴിതാ സിനിമയിലെ ശ്രീദേവിയുടെ കാസ്റ്റിംഗ് വേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നതായി പറയുകയാണ് സംവിധായകൻ കരീം. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദേവരാഗം നല്ല കഥയായിരുന്നു, അത് എഴുതി കുളമായതാണ്. പാട്ടുകൾ ഭയങ്കര ഹിറ്റായിരുന്നു. ഇപ്പോഴും അതുപോലെ പാട്ടുകൾ ഇല്ല. മണി ഷൊർണൂർ ആണ് ആദ്യം എഴുതിയത്. ഇവർ സീരിയൽ എഴുതുന്ന ആളുകളാണ്, അതുപോലെ അല്ലല്ലോ സിനിമ എഴുന്നത്. ശ്രീദേവിയുടെ കാസ്റ്റിംഗ് അന്ന് ആ സിനിമയിൽ വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. കുറച്ച് പ്രായം കൂടുതലായി തോന്നി.
അരവിന്ദ് സ്വാമിയുടെ പെയർ ആയി നടിയെ തോന്നിയില്ല, നടൻ അസ്സലായി ചെയ്തിട്ടുണ്ട്. കീരണവാണിയുടെ സംഗീതം ഗംഭീരമായിരുന്നു. മ്യൂസിക് കൊണ്ട് മാത്രമാണ് സിനിമ ശ്രദ്ധിക്കപ്പെട്ടത്. ദേവരാഗം മാത്രമാണ് ഭരതേട്ടന്റെ സിനിമകളിൽ വിജയം നേടാതെ പോയത്. തെലുങ്കിൽ നിന്ന് വന്നവരായിരുന്നു സിനിമയുടെ നിർമാതാക്കൾ സിനിമ അവിടെയും നല്ല വിജയം നേടി, പക്ഷെ സിനിമയ്ക്ക് കുറച്ച് നീളം കൂടി പോയി.
അതുപോലെ, ചമയം സിനിമ യാദൃശ്ചികമായി സംഭവിച്ച ചിത്രമാണ്. ഒരു ട്രെയിൻ യാത്രയിൽ ജോൺ പോൾ ഒരു കഥ പറയുന്നു ഭരതേട്ടന് അത് ഇഷ്ടമാകുന്നു, സെവൻ ആർട്സ് സിനിമ ചെയ്യാം എന്ന് പറയുന്നു അങ്ങനെ പെട്ടന്ന് ഉണ്ടായതാണ് ആ സിനിമ. എറണാകുളത്ത് ട്രെയിൻ ഇറങ്ങുമ്പോഴേക്കും പുതിയ പ്രൊജക്റ്റ് ആയി. മുരളിയും അന്ന് ഞങ്ങൾക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്നതായി തോന്നുന്നു. ആ സിനിമയിലെ പാട്ടുകളും ഇന്നും ഹിറ്റാണ്. ഭരതേട്ടന്റെ സിനിമകളിലെ പാട്ടുകൾ എന്നും ഹിറ്റായിരിക്കും,' കരീം പറഞ്ഞു.
Content Highlights: director kareem about devaragam movie