സിനിമ ഉദ്ദേശിക്കുന്ന തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ അത് സിനിമ ചെയ്ത ആളുകളുടെ പരാജയമാണ്: പൃഥ്വിരാജ്

'നമ്മൾ സൃഷ്ടിക്കുന്ന സിനിമ അത് റിലീസ് ആകുന്നതോടെ നമ്മുടെ കയ്യിൽ നിന്നു പോയി'

ഒരു സിനിമ അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്ന തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ അത് സിനിമ ചെയ്ത ആളുകളുടെ പരാജയമാണെന്ന് പൃഥ്വിരാജ്. നമ്മുടെ സിനിമ കണ്ട് ഒരു പ്രേക്ഷകന് എന്താണോ കിട്ടിയത് അതാണ് ആ സിനിമയെന്നും അദ്ദേഹം പറഞ്ഞു. വിലായത്ത് ബുദ്ധയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

'ഒരു സിനിമ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ലെങ്കിൽ അത് ആ സിനിമ ചെയ്ത ആളുകളുടെ പരാജയമാണ്. ഒരു സിനിമ പ്രേക്ഷകരിലേക്ക് തെറ്റായ തരത്തിൽ എത്തപ്പെട്ടിട്ട് ഞാൻ ആ സിനിമ കൊണ്ട് ഉദ്ദേശിച്ചത് അതല്ല എന്ന് നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ സിനിമ കണ്ട് ഒരു പ്രേക്ഷകന് എന്താണോ കിട്ടിയത് അതാണ് ആ സിനിമ. നമ്മൾ സൃഷ്ടിക്കുന്ന സിനിമ അത് റിലീസ് ആകുന്നതോടെ നമ്മുടെ കയ്യിൽ നിന്നു പോയി', പൃഥ്വിരാജിന്റെ വാക്കുകൾ.

അതേസമയം, വിലായത്ത് ബുദ്ധയാണ് ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രം. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു പക്കാ ആക്ഷൻ മാസ്സ് സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഷമ്മി തിലകനും സിനിമയിൽ മിന്നും പ്രകടനം നടത്തുമെന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

Content Highlights: Prithviraj about cinema reception

To advertise here,contact us