ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സുന്ദർ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഈ സിനിമയിൽ നിന്ന് പിന്മാറിയെന്ന് സുന്ദർ സി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് കമൽ ഹാസൻ. സുന്ദർ സിയുമായി ഇനി ഒന്നിക്കില്ലെന്നും രജനി സിനിമയ്ക്കായി പുതിയ കഥകൾ തേടുകയാണെന്നും കമൽ ഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'സുന്ദർ സിയുമായി ഇനി ഒന്നിക്കാൻ സാധ്യത ഇല്ല. അദ്ദേഹം അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് നൽകിയല്ലോ. എന്റെ താരത്തിന് ഇഷ്ടമാകുന്ന തരം സിനിമ നിർമിക്കണം എന്നതാണ് ഒരു നിർമാതാവ് എന്ന നിലയിൽ എന്റെ ചുമതല. രജനിക്കും ഇഷ്ടമാകുന്ന തരത്തിലുള്ള കഥകൾക്കായി തേടുകയാണ്. ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാനുള്ള നല്ലൊരു കഥയും ഞങ്ങൾ അന്വേഷിക്കുകയാണ്', കമൽ ഹാസന്റെ വാക്കുകൾ.
രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദർ സി നിർമാതാക്കളായ രാജ്കമൽ ഫിലിംസിനെ അറിയിച്ചില്ലെന്നും ഉയർന്ന് കേൾക്കുന്നുണ്ട്. ഇന്നലെ സുന്ദർ സിയുടെ പോസ്റ്റ് കുറച്ച് സമയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
#KamalHaasan opens about SundarC's exit from #Thalaivar173:"SundarC already sent his statement, no there is no possible collaboration. I'm a producer, so I have make film which satisfies my star (Superstar #Rajinikanth) . We will keep hearing scripts until it satisfies him. We… pic.twitter.com/wlnHDwMYU0
അതേസമയം, തലൈവർ സിനിമയുമായി കമൽ ഹാസൻ മുന്നോട്ട് പോകുമെന്നും സുന്ദർ സിയ്ക്ക് പകരം മറ്റൊരു സംവിധായകനെ കൊണ്ടുവരുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Content Highlights: Kamal haasan about sundar c exit from rajini film