കാന്താര സിനിമ കണ്ട പ്രേക്ഷകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രമായിരുന്നു മയക്കര. എന്നാൽ ആ കഥാപാത്രം ചെയ്തത് നായകൻ റിഷബ് ഷെട്ടി തന്നെയാണെന്ന് ഒരുപാട് അഭ്യൂഹങ്ങളും വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും സംശയത്തിന് വിരാമമിട്ട് അണിയറപ്രവർത്തകർ തന്നെ റിഷബ് മയക്കരയായി ഒരുങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ആറ് മണിക്കൂർ നേരം പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്താണ് ആ കഥാപാത്രത്തിന് റിഷബ് എന്നും ഒരുങ്ങിയത്. മാത്രവുമല്ല ഈ ഗെറ്റപ്പിൽ തന്നെ അദ്ദേഹം സിനിമ സംവിധാനവും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. 'അവാർഡുകൾ മാത്രം കൊടുത്താൽ പോരാ ഇതിന്', 'എന്ത് മനുഷ്യനാണ് ഇയാൾ', 'മികച്ച കലാകാരൻ', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
അതേസമയം, ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. ഇതോടെ 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ഛാവയിൽ നിന്നും കൈക്കലാക്കിയിരിക്കുകയാണ് ഈ ചിത്രം.
ഇന്ത്യൻ ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചിത്രത്തിൻറെ ഇംഗ്ലീഷ് പതിപ്പും നിർമ്മാതാക്കൾ ഒക്ടോബര് 31-ന് പുറത്തിറക്കും. ചിത്രത്തിൻറെ ഓവർസീസ് റിലീസ് നിർവഹിക്കുന്നത് ദുബായ് ആസ്ഥാനമായുള്ള ഫാർസ് ഫിലിംസ് ആണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത്, ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് 'കാന്താര: ചാപ്റ്റർ 1'.
Content Highlights: Rishab shetty make up for Kantara chapter video out