തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഒക്ടോബർ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.
പവൻ കല്യാൺ ചിത്രമായ ഒജി ആണ് ലിസ്റ്റിൽ ഒന്നാമത്. 3.5 മില്യൺ കാഴ്ചക്കാരെയാണ് ചിത്രം ഈ വാരത്തിൽ നേടിയത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഒജി'. ഒടിടിയിൽ എത്തിയതിന് ശേഷം പവൻ കല്യാണിന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു. പവന് കല്യാണിന്റെ പ്രകടനം മറ്റെല്ലാം ശരിയായിട്ടും സിനിമയെ പിന്നോട്ടടിക്കുന്നതായാണ് ആരാധകര് പറയുന്നത്. തമന്റെ ഗംഭീര ബിജിഎമ്മിൽ പവൻ നടന്നു വരുമ്പോൾ ഒട്ടും ഓറ തോന്നുന്നില്ല എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. അഭിനയിക്കാന് യാതൊരു താല്പര്യവുമില്ലാത്തയാൾ എങ്ങനെ ഇത്രയും വലിയ സ്റ്റാർ ആയി എന്നും തമാശരൂപേണ എക്സിൽ കുറിക്കുന്നുണ്ട്. സിനിമയുടെ വിഷ്വലിനും ബിജിഎമ്മിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. പതിവ് പോലെ തമൻ ഞെട്ടിച്ചെന്നാണ് കമന്റുകൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
നെറ്റ്ഫ്ലിക്സ് ചിത്രമായ ഗ്രേറ്റർ കലേഷ് ആണ് രണ്ടാം സ്ഥാനത്ത്. രണ്ട് മില്യൺ കാഴ്ചക്കാരെയാണ് സിനിമ ഈ വാരത്തിൽ നേടിയത്. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ ചിത്രമായ പരം സുന്ദരിയാണ് മൂന്നാം സ്ഥാനത്ത്. 1.9 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. നിരവധി ട്രോളുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാണ് സുന്ദരിയെന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്.
വിജയ് ആന്റണി ചിത്രമായ ശക്തി തിരുമകൻ ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 1.7 മില്യൺ കാഴ്ചക്കാരെയാണ് സിനിമ ഈ വാരത്തിൽ നേടിയത്. അരുൺ പ്രഭു രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ശക്തി തിരുമഗൻ'. വിജയ് ആൻ്റണി പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ സുനിൽ കൃപലാനി, തൃപ്തി രവീന്ദ്ര, കൃഷ് ഹസ്സൻ, വാഗൈ ചന്ദ്രശേഖർ, സെൽ മുരുകൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.
Top 5 most-watched films on OTT in India, for the week of Oct 20-26, 2025, estimated based on audience researchNote: Estimated number of Indian audience (in Mn) who watched at least 30 minutes. pic.twitter.com/lr7NJ02ZU7
വാർ 2 ആണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മോശം പ്രതികരണമാണ് നേടിയത്. 1.5 മില്യൺ കാഴ്ചക്കാരെയാണ് സിനിമ നേടിയത്. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ വീണു. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു.
Content Highlights: OTT highest view movies of this week