കൂലിയിൽ അഭിനയിച്ചതിൽ ആമിർ ഖാന് കുറ്റബോധം ഇല്ല, ആരോ പടച്ചുവിട്ട കഥയാണത്; വിഷ്ണു വിശാൽ

കൂലിയിൽ രജിനി സാറിനൊപ്പം സ്ക്രീൻ ഷെയർ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനാണെന്ന് എപ്പോഴും പറയുന്നുണ്ട്

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു, എന്നാൽ സിനിമ പ്രതീക്ഷ പ്രതികരണമായിരുന്നില്ല തിയേറ്ററിൽ നേടിയത്. സിനിമയിൽ അഭിനയിച്ചതിൽ ആമിർ ഖാന് കുറ്റബോധം ഉണ്ടെന്ന തരത്തിൽ വർത്തകർ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. ആമിർ ഖാന് കൂലിയിൽ അഭിനയിച്ചതിൽ കുറ്റബോധം ഇല്ലെന്നും അദ്ദേഹം ആ കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും വിഷ്ണു വിശാൽ പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ ആര്യന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വിഷ്ണു വിശാൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'ആമിർ സാർ ഒടുവിൽ പ്രസ് റിലീസ് വരെ പുറത്തുവിട്ടിരുന്നു. ആരോ പടച്ചുവിട്ട ഒരു പേപ്പർ കട്ടിങ്ങാണ് ഇതിനെല്ലാം കാരണം. കൂലി ചെയ്തതിൽ ഒരിക്കലും അദ്ദേഹത്തിന് കുറ്റബോധമില്ലെന്ന് എന്നോട് പറഞ്ഞു. രജിനി സാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് കൂലിക്ക് ഓക്കെ പറഞ്ഞതെന്നും എന്നോട് പറഞ്ഞു.

അങ്ങനെയൊരു ഇന്റർവ്യൂ ഞാൻ എവിടെയും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ആ പേപ്പർ കട്ടിങ്ങിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അതുകൊണ്ടാണ് അദ്ദേഹം പ്രസ് റിലീസ് പുറത്തുവിട്ടത്. കൂലിയിൽ രജിനി സാറിനൊപ്പം സ്ക്രീൻ ഷെയർ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനാണെന്ന് എപ്പോഴും പറയുന്നുണ്ട്', വിഷ്ണു വിശാൽ പറയുന്നു.

അതേസമയം, വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ആര്യൻ രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ സംവിധായകൻ പ്രവീൺ കെയാണ്. ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. 'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ.

Content Highlights: Vishnu Vishal said Aamir Khan sir didn’t say anything negative about Coolie

To advertise here,contact us