ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണം നേടുന്ന സിനിമ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു കബഡി പ്ലേയർ ആയിട്ടാണ് ധ്രുവ് ഈ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ. ‘ബൈസണി’ന്റെ ചിത്രീകരണ വേളയിൽ നിരവധി പരിക്കുകൾ സംഭവിച്ചിരുന്നെന്നും എന്നാൽ അതെല്ലാം താൻ ആസ്വദിച്ചെന്നും ധ്രുവ് പറഞ്ഞു.
സിനിമയുടെ റിലീസിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് സിനിമയിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് നടൻ തുറന്നു സംസാരിച്ചത്. 'ഷൂട്ടിങ് സമയത്ത് ഒരുപാട് പരിക്കുകൾ സംഭവിച്ചു. ഇടത് കൈ ഒടിഞ്ഞു. പരുക്ക് മൂലം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു. കഴുത്തിൽ വലിയ രീതിയിലുള്ള പരിക്കുകളുണ്ടായി. കൈമുട്ട്, വിരലുകള് തുടങ്ങി പല ഭാഗത്തും പരിക്കുകളുണ്ടായി. പക്ഷേ അതെല്ലാം ഞാൻ ആസ്വദിച്ചു’, ധ്രുവ് വിക്രം പറഞ്ഞു. നേരത്തെ ഇതേ പത്രസമ്മേളനത്തിൽ നെപോട്ടിസത്തെക്കുറിച്ച് ധ്രുവ് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. 'ഞാൻ ഒരു സ്റ്റാർ കിഡ് ആണെന്നും അത് വഴി അവസരങ്ങൾ കിട്ടുന്നെന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷേ ആളുകൾ എന്നെ സ്വീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും ഇന്ത്യൻ സിനിമയിൽ ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. അതുവരെ ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും', എന്നായിരുന്നു ധ്രുവിന്റെ വാക്കുകൾ.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന്റെ തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ഇതുകൂടി കൂട്ടുമ്പോൾ റിലീസിനും ഒരു മാസം മുൻപ് തന്നെ ചിത്രം ലാഭം നേടിയിരിക്കുകയാണ്. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.
ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.
Content Highlights: Dhruv Vikram about his shooting experience of Bison