അനിരുദ്ധിനെ പുറത്താക്കിയോ?; ശിവകാർത്തികേയൻ ചിത്രത്തിനായി സംഗീതമൊരുക്കാൻ സായ് അഭ്യങ്കർ

ചിത്രത്തിനായി അനിരുദ്ധ് സംഗീതമൊരുക്കും എന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നത്

തമിഴിലെ ഏറ്റവും മൂല്യമുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. തുടർച്ചയായുള്ള വിജയ സിനിമകളിലൂടെ അടുത്ത സൂപ്പർതാരമെന്നാണ് അദ്ദേഹത്തെ എല്ലാവരും വാഴ്ത്തുന്നത്. നിരവധി വലിയ സിനിമകളാണ് ഇനി ശിവകാർത്തികേയന്റേതായി പുറത്തിറങ്ങാനുള്ളത്. 'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതമൊരുക്കും എന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ തമിഴിലെ പുതിയ സെൻസേഷൻ ആയ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് എന്നാണ് തമിഴ് ട്രാക്കർമാർ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ശിവകാർത്തികേയനും സായ്യും ഒന്നിക്കുന്ന ആദ്യ സിനിമയാകും ഇത്. നിലവിൽ തമിഴിലെ തിരക്കുപിടിച്ച സംഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കർ. പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡിലൂടെയാണ് സായ് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതോടൊപ്പം ഷെയിൻ നിഗം ചിത്രമായ ബൾട്ടിയിലൂടെ മലയാളത്തിലും സായ് സംഗീത സംവിധാനം ചെയ്തിരുന്നു. ബെൻസ്, അറ്റ്ലീ-അല്ലു അർജുൻ ചിത്രം, സൂര്യ ചിത്രം കറുപ്പ്, കാർത്തിയുടെ മാർഷൽ എന്നിവയാണ് ഇനി പുറത്തുവരാനുള്ള സായ് അഭ്യങ്കർ ചിത്രങ്ങൾ.

സുധ കൊങ്കര ചിത്രമായ പരാശക്തിക്ക് ശേഷം സിബിയുടെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് ശ്രീലീല ആണെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്. സിബി ചക്രവർത്തിയുടെ ആദ്യ സിനിമയായിരുന്നു 'ഡോൺ'. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടി ശിവകാർത്തികേയന്റെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. ഒരു കോമഡി ഡ്രാമ ഴോണറിൽ ഒരുങ്ങിയ ചിത്രത്തിൽ എസ്ജെ സൂര്യ, പ്രിയങ്ക മോഹൻ, സമുദ്രക്കനി, സൂരി, ബാല ശരവണൻ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു സിനിമക്കായി സംഗീതം നൽകിയത്.

എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്.

Content Highlights: Anirudh out from Cibi Chakravarthy-Sk movie

To advertise here,contact us