കെജിഎഫ് ഫ്രാഞ്ചൈസ്, സലാർ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. ജൂനിയർ എൻ ടി ആറിനെ നായകനാക്കി ഇദ്ദേഹത്തിന്റെ അടുത്ത ചിത്രം ഡ്രാഗൺ അണിയറയിൽ ഒരുങ്ങുകയാണ്. വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഈസിനിമയ്ക്ക് മേൽ ഉള്ളത്. ചില പ്രശ്നങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് നവീൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതുവരെ ചിത്രീകരിച്ച ദൃശ്യങ്ങളിൽ എൻടിആർ പൂർണ്ണമായും തൃപ്തനല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നതോ കഥാഗതിയിൽ ഭാഗികമായെങ്കിലും മാറ്റങ്ങൾ വരുത്തുന്നതോ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ഈ ഗോസിപ്പ് ടോളിവുഡ് സർക്കിളുകളിൽ ശക്തമായി പ്രചരിക്കുന്നുണ്ട്. ഡ്രാഗൺ എന്ന സിനിമയുടെ പേരിൽ മാറ്റം വരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴിൽ പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗൺ വന്നതുകൊണ്ടാണ് സിനിമയുടെ പേര് മാറ്റുന്നതെന്നാണ് സൂചന. ഇതിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അടുത്ത വർഷം ആദ്യം ഈ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ് ഹീറോയായ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് സിനിമാപ്രേമികൾക്കുള്ളത്. മലയാളി താരങ്ങളായ ടൊവിനോ തോമസും ബിജു മെനോനും ചിത്രത്തിൽ പ്രധാനപ്പെട്ട റോളിലെത്തുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. പ്രശാന്ത് നീൽ ഇവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെയുള്ള റോളുകൾ നൽകുമെന്ന് കരുതുന്നെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
Content Highlights: Reports say Jr. NTR is not happy with the shooting of Prashanth Neel's film