ദീപാവലി റിലീസുകൾ തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ ആഘോഷം തന്നെയാണ്. പക്ഷേ ഇത്തവണ ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിനുള്ള സിനിമകൾ റിലീസ് ചെയ്തില്ല എന്ന പരാതിയിലാണ് പ്രേക്ഷകർ. ഒരു സൂപ്പർസ്റ്റാർ സിനിമ എങ്കിലും ദീപാവലിക്ക് റിലീസ് ചെയ്തിരുന്ന തമിഴ് സിനിമ ലോകം ഇത്തവണ റിലീസ് ചെയ്ത മൂന്ന് സിനിമകളും പുതു തലമുറയിലെ നടന്മാരായ പ്രദീപ് രംഗനാഥൻ, ധ്രുവ് വിക്രം, ഹരീഷ് കല്യാൺ എന്നിവരുടെ ചിത്രങ്ങളാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപ് വിജയ്യുടെയും അജിത്തിന്റെയും ദീപാവലി റിലീസുകൾ ഒരു വലിയ ആഘോഷമാക്കി മാറ്റിയ ആരാധകർ ഇന്ന് ആശങ്കയിലാണ്. കത്തി, മെർസൽ, ബിഗിൽ, ലിയോ എന്നീ ചിത്രങ്ങൾ ദീപാവലി റിലീസ് ആയി എത്തി ആരാധകരെ ആവേശത്തിലാക്കിയ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. അതുപോലെ അജിത്തിന്റെ സിനിമകളുടെ ആഘോഷവും തിയേറ്റർ വീഡിയോസും ട്രെൻഡിങ്ങിലാണ്. മെർസൽ റീ റിലീസ് എങ്കിലും ചെയ്യാൻ കഴിയുമോ എന്ന അഭ്യർത്ഥനയാണ് ആരാധകർ പങ്കുവെക്കുന്നത്.
അതേസമയം, പുതുതലമുറയിലെ താരങ്ങൾ ഇത്തവണ ദീപവലിക്ക് തിയേറ്ററുകളിൽ ആഘോഷിക്കുകയാണ്. പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്യൂഡ് ആണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. മാരി സെൽവരാജ് ചിത്രം ബൈസൺ മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്നുണ്ട്. ഹരീഷ് കല്യാൺ നായകനായി എത്തിയ ഡീസൽ ആണ് മറ്റൊരു ചിത്രം. സൂപ്പർസ്റ്റാറുകൾ ഇല്ലാത്ത ഒരു ദീപാവലി തമിഴ്നാട്ടിൽ ഇത് ആദ്യമാണെന്നും അവരുടെ സിനിമകളും ആഘോഷവും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.
Content Highlights: Deepavali celebrations without vijay and ajith movies in theatres