ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. നടന്റെ ഏറ്റവും പുതിയ ചിത്രം ഡ്യൂഡ് റിലീസിന് ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ നടി മമിത ബൈജുവാണ് സിനിമയിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന പ്രസ് മീറ്റിൽ പ്രദീപ് മോഹൻലാലിന്റെ ഇഷ്ട ചിത്രങ്ങൾ വെളിപ്പെടുത്തിയതാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമ കണ്ട് തരുൺ മൂർത്തിയെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും പ്രദീപ് രംഗനാഥൻ പറഞ്ഞു.
'മോഹൻലാൽ സാറിന്റെ ഇഷ്ട ചിത്രം ദൃശ്യമാണ്. അതുപോലെ ഒരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട്. അടുത്തിടെ തുടരും കണ്ടിരുന്നു. നല്ല വർക്കാണ്. സിനിമ കണ്ടതിന് ശേഷം ഞാൻ ഡയറക്ടറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു,' പ്രദീപ് രംഗനാഥൻ പറഞ്ഞു. അതേസമയം, ഡ്യൂഡിന്റെ ട്രെയ്ലർ ഇന്നലെ പുറത്തുവന്നു. പ്രദീപിന്റെ മുൻസിനിമകളെപ്പോലെ ഒരു പക്കാ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
ആക്ഷനും കോമഡിയും സെന്റിമെന്റ്സും ചേർന്ന് ദീപാവലിക്ക് പ്രേക്ഷകർക്ക് ആഘോഷിച്ച് കാണാവുന്ന ഒരു സിനിമയാകും ഡ്യൂഡ് എന്ന പ്രതീക്ഷ ട്രെയ്ലർ നൽകുന്നുണ്ട്. ട്രെയിലറിലെ മമിതയുടെ സീനുകൾ കയ്യടി നേടുന്നുണ്ട്. പ്രദീപിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന റോളാകും സിനിമയിൽ മമിതയ്ക്ക് എന്നാണ് ട്രെയ്ലറിലൂടെ മനസിലാകുന്നത്. ചിത്രം ഒക്ടോബർ 17 ന് തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും.
പ്രശസ്ത നിർമാണ കമ്പനിയായ E4 എന്റർടൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലേക്ക് എത്തിക്കുന്നത്. നേരത്തെ പ്രദീപ് ചിത്രമായ ഡ്രാഗൺ കേരളത്തിൽ എത്തിച്ചതും ഇവരായിരുന്നു. സിനിമ വലിയ വിജയമായിരുന്നു കേരളത്തിൽ നിന്നും നേടിയത്. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
Content Highlights: Pradeep Ranganathan said he called tharun moorthy after watching thudarum and congratulated him