ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. ലോകയുടെ വിജയം ഉള്ളത് കൊണ്ട് ഫുൾ ഫോമിലാണ് ദുൽഖറെന്നും സിനിമയിലെ ചില സീനുകൾ താൻ കണ്ടുവെന്നും എല്ലാം നന്നായി വന്നിട്ടുണ്ടെന്നും ജേക്സ് ബിജോയ് പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഐ ആം ഗെയിം നഹാസിന്റെ ഒരു ഫയർ ആണ്. എല്ലാ കാര്യത്തിലും തീ പിടിച്ച പോലെ ആണ് നടത്തം. പാട്ടിന്റെ കാര്യത്തിലും, ബാക്ക് ഗ്രൗണ്ട് സ്കോർ പ്ലാൻ ചെയ്യുന്ന കാര്യത്തിലും എല്ലാം. ദുൽഖറും ഇപ്പോൾ ലോകയുടെ പോസറ്റീവ് എനർജി ഉൾക്കൊണ്ടാണ് നിൽക്കുന്നത്. എടുത്ത സീനുകൾ എല്ലാം സൂപ്പറായി വന്നിട്ടുണ്ട്. ഞാൻ രണ്ട് മൂന്ന് എപ്പിസോഡുകൾ കണ്ടു, നന്നായിട്ടുണ്ട്. ഞാൻ തള്ളുന്നതല്ല,' ജേക്സ് ബിജോയ് പറഞ്ഞു.
Jakes abt #ImGame 😌🔥 pic.twitter.com/5TWOBXv6Aq
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് 'ആർഡിഎക്സ്' എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'.
Content Highlights: Music director Jakes Bejoy shares an update on the movie I Am Game