സൗത്ത് ഇന്ത്യയിൽ ഒരുപാട് മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കമ്പോസറാണ് സന്തോഷ് നാരായണൻ. ഇപ്പോഴിതാ ഒരു ഇന്റർനാഷണൽ മ്യൂസിക് ചെയ്യാൻ വേണ്ടി അദ്ദേഹം ലോകത്തിലെ ട്രെൻഡിങ് ഗായകരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എഡ് ഷീരൻ, ഹനുമാൻകൈൻഡ്, ദീ എന്നിവർക്കൊപ്പമാണ് സന്തോഷിന്റെ പുതിയ ഗാനം എത്തുന്നത്. ആദ്യമായി ഇവരുമായി കൈകോർക്കുന്നു എന്നൊരു പോസ്റ്റ് മാത്രമേ സന്തോഷ് പങ്കുവെച്ചുള്ളൂ. ഈ വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി ആരാധകർ ആവേശത്തിലാണ്.
Ed Sheeran - Dhee - HanumanKind - Santhosh Narayanan . Proud to have produced and performed this one 🚀🚀🔥🔥🙏🏾🙏🏾🙏🏾
വിജയ് സേതുപതി ചിത്രം തലൈവൻ തലൈവിയിലെ 'പൊട്ടല മുട്ടായേ' എന്ന ഗാനം സൂപ്പർഹിറ്റ് ആയിരുന്നു. ഒട്ടനവധി റീലുകളിലും പരിപാടികളിലും ഈ ഗാനം ട്രെൻഡിങ്ങായി മാറി. ഇപ്പോൾ ഈ ലോകോത്തര ഗായകർക്കൊപ്പം അദ്ദേഹം ഒരു ഗാനം ഒരുക്കുന്നുവെന്ന് കേട്ടപ്പോൾ പ്രതീക്ഷകൾ ഉയർന്നു. 'നീയേ ഒലി', 'എൻജോയ് എഞ്ചാമി', എന്നീ ഗാനങ്ങളാണ് സന്തോഷ് ഇതിന് മുൻപ് സിനിമയ്ക്ക് വേണ്ടിയല്ലാതെ ചെയ്ത ഗാനങ്ങൾ.
സന്തോഷ് നാരായണന്റെ മകളായ ദീ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയാണ് എല്ലാവര്ക്കും സുപരിചിതയായത്. 'എൻജോയ് എഞ്ചാമി', 'മാ മധുരേ', 'ഏഹ് സന്ധക്കാര', എന്നീ സൂപ്പർഹിറ്റ് ഗാനങ്ങളാണ് ദീ സന്തോഷിന്റെ ട്യൂണിൽ പാടിയത്. കൂടാതെ എഡ് ഷീരൻ ഇപ്പോൾ ഇന്ത്യൻ മ്യൂസിക് കമ്പോസർമാരുമായി കൈകോർക്കുന്നത് സ്ഥിരം കാഴ്ചയാണ്. നേരത്തെ 'സഫയർ' എന്ന തന്റെ ഗാനത്തിന് വേണ്ടി അർജിത് സിങ്ങുമായി ഗാനം ആലപിച്ചിരുന്നു. എ ആർ റഹ്മാനും എഡ് ഷീരനും ഒരുമിച്ച് പാടിയ പാട്ടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
'ബിഗ് ഡൗഗ്സ്' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ കമ്പോസർ ഹനുമാൻകൈൻഡും സന്തോഷിന് ഒപ്പം ഈ ഗാനത്തിൽ ചേരുന്നുണ്ട്. ഇന്റർനാഷണൽ ലെവലിൽ ഒരുപാട് പ്രശംസകൾ ലഭിച്ച ഹനുമാൻകൈൻഡ് ഒരിക്കൽ ട്രാവിസ് സ്കോട്ടിന് ഒപ്പം ഗാനം ആലപിച്ചു. കൂടാതെ ആഷിഖ് അബു ചിത്രമായ റൈഫിൾ ക്ലബ്ബിൽ അദ്ദേഹം നടനായി അഭിനയിക്കുകയും ചെയ്തു.
Content Highlights: Santhosh Narayanan to Collaborate with Ed sheeran, Dhee, Hanumankind