രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താൻ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാൾ ഉണ്ടാകില്ലെന്നും കങ്കണ പറഞ്ഞു. ഷാരൂഖ് ഖാനുമായി താരതമ്യപ്പെടുത്തിയായിരുന്നു നടിയുടെ പരാമർശം. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് കങ്കണ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.
'എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് ചോദിക്കൂ. ഒരു കുഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്നുവന്ന് മുഖ്യധാരയിൽ ഇത്രയധികം വിജയം നേടിയ മറ്റൊരാൾ ഉണ്ടാകില്ല. നിങ്ങൾ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡൽഹിയിൽ നിന്നാണ്, കോൺവെൻ്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാൽ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത്. മറ്റുള്ളവർക്ക് ഒരു പക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാൻ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലർത്തുന്നതുകൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു. കങ്കണ പറഞ്ഞു.
അതേസമയം, 2006 ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് കങ്കണ സിനിമയിൽ അരങ്ങേറിയത്. കങ്കണയുടെ ഏറ്റവും ഒടുവിൽ എത്തിയ ചിത്രം എമർജൻസി ആണ്. വലിയ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടിയാണ് തിയേറ്റർ വിട്ടത്. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്സര് ബോര്ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്ദേശങ്ങള് പാലിച്ച് സിനിമയില് വേണ്ട മാറ്റങ്ങള് വരുത്തിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.നിലവിൽ മാണ്ഡിയിൽനിന്നുള്ള ലോക്സഭാംഗമാണ് നടി.
Content Highlights: Kangana Ranaut says her journey was harder than convent-educated Shah Rukh Khan