ഇഞ്ചോടിഞ്ച് പോരാട്ടം; എമ്പുരാനെ വീഴ്ത്താൻ ലോകയ്ക്ക് ഇനി ഇത്രയും കോടി കടക്കണം?

അങ്കം ചെകുത്താനും നീലിയും തമ്മിൽ, എമ്പുരാനെ വീഴ്ത്താൻ ലോകയ്ക്ക് ഇനി ഇത്രയും കോടി കടക്കണം?

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 23 ദിവസം പിന്നിടുമ്പോഴും സിനിമ കാണാനായി തിയേറ്ററിൽ ആളുകൾ എത്തുന്നുണ്ട്. 250 കോടിയും കടന്ന് പുതിയ റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ലോക. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം മോഹൻലാലിന്റെ എമ്പുരാൻ ആണ്. ആഗോള തലത്തിൽ എമ്പുരാന്റെ കളക്ഷൻ 268 കോടിയാണ്.

ലോക ഇതുവരെ 264 കോടിയാണ് നേടിയിരിക്കുന്നത്. പൂജാ ഹോളിഡേയ്‌സ് കണക്കിലെടുത്ത് കൂളായി ചിത്രം ഈ നേട്ടത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തെങ്ങും ചിത്രം ഒടിടി റീലീസ് ചെയ്യാത്തതും സിനിമയ്ക്ക് ഗുണം ചെയുന്നുണ്ട്. കേരളത്തിൽ ലോകയ്ക്ക് ഇനി പിന്നിലാക്കാൻ ഉള്ളത് തുടരും സിനിമയെയാണ്. 118 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ എന്നും റിപ്പോർട്ടുകൾ ഉണ്ട്. 98 കോടിയാണ് ലോക ഇതുവരെ കേരളത്തിൽ നിന്ന് നേടിയത്. ഇന്ന് തന്നെ 100 കോടി കേരളത്തിൽ നിന്ന് മാത്രമായി ലോക സ്വന്തമാകും.

'ലോക'യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Content Highlights: lokah is set to break the collection record of the movie Empuraan

To advertise here,contact us