അടിക്കുമോ ലാലേട്ടൻ 100 കോടി ? ഹൃദയപൂർവ്വം സിനിമയെ ഹൃദയത്തിലേറ്റി ആരാധകർ

ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍

ബോക്സ് ഓഫീസിൽ കളക്ഷൻ മുന്നേറ്റവുമായി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. സിനിമയുടെ സക്സസ് ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. റീലീസ് ചെയ്ത ചിത്രം രണ്ടാഴ്ച പിന്നിടുമ്പോൾ 62 കോടിയാണ് നേടിയിരിക്കുന്നത്. വൈകാതെ ചിത്രം 100 കോടി നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 31.25 കോടിയാണ് ഹൃദയപൂർവ്വത്തിന്റെ കേരളത്തിൽ നിന്നുള്ള നേട്ടം. ആദ്യ ദിനം 8.42 കോടി നേടി സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി.

ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും പറഞ്ഞത്.

2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Content Highlights:  Will Hridayapoorvam earn 100 crores at the box office?

To advertise here,contact us