ആമിർ ഖാൻ, ഊർമിള മതോണ്ട്കർ, ജാക്കി ഷ്റോഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാം ഗോപാൽ വർമ ഒരുക്കിയ സിനിമയാണ് രംഗീല. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. എന്നാൽ റിലീസിന് മുൻപ് ആർക്കും സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല എന്ന് പറയുകയാണ് സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചും പ്രേക്ഷകർക്ക് ആശങ്കയുണ്ടായിരുന്നു എന്നും രാം ഗോപാൽ വർമ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'രംഗീല ഇറങ്ങുന്ന ടൈമിൽ ആമിറിന്റെ സിനിമകൾ ബോക്സ് ഓഫീസിൽ വർക്ക് ആയിരുന്നില്ല. ഊർമിളയുടെ സിനിമകളും വർക്ക് ആയിരുന്നില്ല. ഞാൻ സൗത്ത് ഇൻഡസ്ട്രിയിൽ നിന്നായതിനാൽ രംഗീലയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് പ്രേക്ഷകർക്കും വലിയ ധാരണയില്ലായിരുന്നു. സിനിമയിലെ മ്യൂസിക് പോലും പുതിയ തരത്തിലുള്ളതായിരുന്നു. അന്നത്തെ കാലത്തെ ഹിറ്റ് മ്യൂസിക്കിന്റെ സ്വഭാവത്തിൽ അല്ലായിരുന്നു രംഗീലയിലെ ഗാനങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ റിലീസിന് ശേഷം എല്ലാവരും ഗാനങ്ങൾ ഏറ്റെടുത്തു', രാം ഗോപാൽ വർമയുടെ വാക്കുകൾ.
എ ആർ റഹ്മാൻ ആയിരുന്നു രംഗീലയ്ക്ക് സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം എന്നും വലിയ ഹിറ്റാണ്. എ ആർ റഹ്മാന്റെ ആദ്യ ഹിന്ദി സിനിമ കൂടിയാണ് രംഗീല. നടി ഊർമിളയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് ഇത്. 33.4 കോടി രൂപയാണ് സിനിമ അന്ന് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ ആമിറിന്റെയും ഊർമിളയുടെയും പ്രകടനങ്ങൾ വലിയ ചർച്ചയായിരുന്നു.
Content Highlights: Ram Gopal Varma about Rangeela