ബോളിവുഡിലെ പ്രശസ്തയായ കൊറിയോഗ്രാഫർ ആണ് ഫറാ ഖാൻ. നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഫറാ ഖാൻ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഛയ്യ ഛയ്യ എന്ന ഗാനത്തിൻ്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് മനസുതുറക്കുകയാണ് ഫറാ ഖാൻ. പലരും ബുദ്ധിമുട്ടാണെന്ന് കരുതുമെങ്കിലും താൻ ഏറ്റവും എളുപ്പത്തിൽ ചിത്രീകരിച്ച ഗാനമാണ് 'ഛയ്യ ഛയ്യ' എന്ന് പറയുകയാണ് ഫറാ.
'ഛയ്യ ഛയ്യ എന്ന ഗാനം ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതുവരെ ഞങ്ങൾ ചിത്രീകരിച്ചതിൽ വെച്ച് ഏറ്റവും എളുപ്പമുള്ള ഗാനങ്ങളിൽ ഒന്നായിരുന്നു അത്. സ്റ്റുഡിയോയിൽ വെച്ച് തന്നെ ഞങ്ങൾ എല്ലാവരും ആ ഗാനം നന്നായി റിഹേഴ്സൽ ചെയ്തതിനാൽ ട്രെയിനിൽ കയറിയപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ആ താളം കൃത്യമായി കിട്ടി. അതുകൊണ്ട് തന്നെ ഷൂട്ട് ചെയ്യാൻ ഒരു പ്രശ്നവും ഇല്ലായിരുന്നു', ഫറാ ഖാൻ പറഞ്ഞു.
ഷാരൂഖ് ഖാനെക്കുറിച്ചും ഫറാ ഖാൻ മനസുതുറന്നു. 'ഷാരൂഖ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെർഫോമർ. മികച്ച രീതിയിൽ വർക്ക് ചെയ്യാൻ അദ്ദേഹം എന്നെ എന്നും പ്രചോദിപ്പിക്കും. കഭി ഖുഷി കഭി ഗംമിലെ 'സൂരജ് ഹുവാ മദ്ധം' എന്ന ഗാനം കാണുമ്പോൾ ഷാരൂഖ് ചെയ്തതുപോലെ തീവ്രതയോടെ ആർക്കും ചെയ്യാൻ കഴിയില്ല എന്നും തോന്നും. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ രസകരമാണ്', ഫറയുടെ വാക്കുകൾ.
മണിരത്നം സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനായി എത്തിയ ദിൽ സെയിലെ ഹിറ്റ് ഗാനമാണ് ഛയ്യ ഛയ്യ. ഗാനത്തിലെ ഓടുന്ന ട്രെയിനിന് മുകളിലുള്ള ഷാരൂഖിന്റെ ഡാൻസിന് ഇന്നും ആരാധകർ ഏറെയാണ്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. മനീഷ കൊയ്രാള, പ്രീതി സിന്റ, അരുന്ധതി റാവു, രഘുബീർ യാദവ് തുടങ്ങിയവരും ദിൽ സെയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ദിൽ സെയ്ക്ക് ഇന്ത്യയിൽ ശരാശരി ബോക്സ് ഓഫീസ് പ്രതികരണം ആണ് ലഭിച്ചതെങ്കിലും വിദേശത്ത് വലിയ വിജയം നേടി.
Content Highlights: Farah Khan about SRK and Chaiyya Chaiyya song