ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയായ ലവ് ഇൻഷുറൻസ് കമ്പനിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഫ്യൂച്ചറിൽ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗംഭീര വിഷ്വൽസാകും സിനിമയുടേതെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. അനിരുദ്ധിന്റെ മ്യൂസിക് ആണ് ടീസറിലെ മറ്റൊരു പ്രധാന ആകർഷണം. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. പാട്ടുകൾ ഹിറ്റാകുമ്പോൾ സിനിമയുടെ ഹൈപ്പും കൂടുമെന്ന് പറയാറുണ്ടല്ലോ, അതുപോലെ തന്നെയാണ് 'LIK' ൻ്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17-ന് തിയേറ്ററുകളിൽ എത്തും. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
Content Highlights: Pradeep ranganadhan film LIK teaser out now