ആവേശത്തിലെ പാട്ട് കട്ടെടുത്ത് ഇംഗ്ലിഷ് സീരിസ്; നെറ്റ്ഫ്‌ളിക്‌സിനെ നിര്‍ത്തിപൊരിച്ച് മലയാളികള്‍

നെറ്റ്ഫ്ളിക്സിന് സുഷിന്‍ ശ്യാം നല്‍കിയ മറുപടി എന്ന രീതിയില്‍ ഒരു സ്ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം. കഴിഞ്ഞ വര്‍ഷം റീലീസ് ചെയ്ത സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ചാണ് ലഭിച്ചിരുന്നത്. സിനിമയിലെ സുഷിന്‍ ശ്യാമിന്റെ സംഗീതം പ്രശംസകള്‍ വാരികൂട്ടിയിരുന്നു. പല പാട്ടുകളും ആഗോളശ്രദ്ധയും നേടി. ഇപ്പോഴിതാ ചിത്രത്തിലെ സുപ്രധാന രംഗത്ത് വരുന്ന ലാസ്റ്റ് ഡാന്‍സ് എന്ന ട്രാക്ക് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

അതിന് കാരണമായിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സിലെ സീരിസാണ്. സ്പ്ലിന്‍റര്‍ സെല്‍: ഡെത്ത് വാച്ച് എന്ന ആനിമേഷന്‍ സീരിസിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ ലാസ്റ്റ് ഡാന്‍സ് കടന്നുവന്നതാണ് മലയാളി ആരാധകരെ അതിശയിപ്പിച്ചത്. കമന്റുകളില്‍ ആവേശവും രംഗണ്ണനും അമ്പാനുമെല്ലാം നിറഞ്ഞു. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ലാസ്റ്റ് ഡാന്‍സ് വരികളെഴുതി പാടിയത് ഹനുമാന്‍കെെന്‍ഡ് ആയിരുന്നു.

ക്രെഡിറ്റില്‍ എവിടെയും സുഷിന്‍ ശ്യാമിന്റെ പേരില്ലെന്ന കാര്യവും പലരും ചൂണ്ടിക്കാണിച്ചു. സുഷിന്‍ ശ്യാമും ടീസറിന് കമന്റുമായി എത്തി എന്ന നിലയില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'എന്റെ ട്രാക്ക് ഇവിടെ ഫീച്ചര്‍ ചെയ്തതില്‍ നെറ്റഫ്‌ളിക്‌സിനോട് നന്ദിയുണ്ട്. പക്ഷെ ക്രെഡിറ്റില്‍ എന്റെ പേര് കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ' എന്ന് സുഷിന്‍ പറഞ്ഞതായാണ് ഈ സ്‌ക്രീന്‍ ഷോട്ടുകളില്‍ ഉള്ളത്.

#Aavesham's 'The Last Dance' music used in the #SplinterCell series trailer! pic.twitter.com/EhIxjnJ5y6

എന്നാല്‍ നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ വന്നിരിക്കുന്ന ടീസറിന്റെ കമന്റ് ബോക്‌സില്‍ ഇത്തരത്തില്‍ ഒരു കമന്റ് കാണുന്നില്ല. സുഷിന്‍ പിന്നീട് ഡിലീറ്റ് ചെയ്തതാണോ, കമന്റ് വ്യാജമാണോ, അതോ നെറ്റ്ഫ്‌ളിക്‌സ് ക്രെഡിറ്റ് നല്‍കാന്‍ തീരുമാനിച്ചോ എന്ന് ഇങ്ങനെയാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍. എന്തായാലും സുഷിന്‍ ശ്യാമിന് ക്രെഡിറ്റ് നല്‍കണമെന്ന ആവശ്യം കമന്റുകളില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്.

ടോം ക്ലാന്‍സിയുടെ സ്പ്ലിന്റര്‍ സെല്‍ ഏറ്റവും ജനപ്രിയമായ സ്റ്റെല്‍ത്ത് ആക്ഷന്‍-അഡ്വഞ്ചര്‍ വീഡിയോ ഗെയിം ഫ്രാഞ്ചൈസികളില്‍ ഒന്നാണ്. 2020ലായിരുന്നു ഗെയിമിനെ അടിസ്ഥാനമാക്കി സീരീസ് പുറത്തിറങ്ങുമെന്ന പ്രഖ്യാപനം വരുന്നത്. ഇപ്പോള്‍ നീണ്ട കാത്തിരിപ്പിന് ശേഷം 2025 ഒക്ടോബര്‍ 14 ന് സീരിസ് സ്ട്രീമിങ് ആരംഭിക്കുകയാണ്.

Content Highlights: Aavesham Last Dance track in Netflix's Splinter Cell : Death Watch series

To advertise here,contact us