മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയപൂർവം. സംഗീത് പ്രതാപും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ സെറ്റിൽ വെച്ച് മോഹൻലാൽ നൽകിയ കരുതലിനെ കുറിച്ചും സ്നേഹത്തെ കുറിച്ചും പറയുകയാണ് സംഗീത് പ്രതാപ്. പനി വന്നപ്പോൾ മോഹൻലാലിൻറെ മുറിയിലാണ് കിടന്നതെന്നും അന്ന് അദ്ദേഹം തലോടിയെന്നും സംഗീത് പറഞ്ഞു. അത് തനിക്ക് ഒരു അച്ഛന്റെ കരുതൽ പോലെ തോന്നിയെന്നും സംഗീത് പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലാലേട്ടൻ ഇങ്ങോട്ട് വന്ന് കമ്പനിയാവുകയായിരുന്നു. പിന്നെ മിക്കദിവസവും ലാലേട്ടന്റെ കാരവാനിലായിരുന്നു ഞാൻ. സത്യനങ്കിളും ലാലേട്ടനും കൂടെ അവരുടെ പഴയ കഥകളൊക്കെ പറയും. ഞാനിതൊക്കെ കേട്ടുകൊണ്ടിരിക്കും. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ അനുഭവങ്ങളായിരുന്നു അതൊക്കെ. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് ലാലേട്ടനോട് എന്തും പറായമെന്ന രീതിയായി.ഒരുദിവസം ഷൂട്ട് തീരാൻ ഒരുപാട് വൈകി. എനിക്ക് നല്ല വിശപ്പ് തോന്നി.
'ലാലേട്ടാ, എനിക്ക് നല്ലവണ്ണം വിശക്കുന്നുണ്ട്. ഇത് എപ്പോഴാണ് തീരുന്നത്' എന്ന് ചോദിച്ചു. 'മോനേ, എനിക്കും വിശക്കുന്നുണ്ട്' എന്ന് പുള്ളി പറഞ്ഞു. പാക്കപ്പ് പറഞ്ഞതും ഞാൻ റൂമിലേക്ക് പോകാൻ നിന്നു. അപ്പോൾ ഒരു അസിസ്റ്റന്റ് വന്നിട്ട് ലാലേട്ടന്റെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് നോക്കിയപ്പോൾ എനിക്കുള്ള ഫുഡ് കാരവനിലേക്ക് വരുത്തിയിരിക്കുകയാണ്.
ഷൂട്ടിന്റെ ഇടക്ക് എനിക്ക് പനി വന്നു. പീരുമേടിലായിരുന്നു ഷൂട്ട്. അവിടത്തെ ഒരു ഡോക്ടർ വന്നിട്ട് എന്നെ പരിശോധിച്ച് ഇൻജക്ഷൻ തന്നു. ലാലേട്ടന്റെ റൂമിലായിരുന്നു ഞാൻ കിടന്നത്. എനിക്ക് ആ സമയത്ത് ഷൂട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്റെ അടുത്ത് വന്നിരുന്ന് തലോടി. എന്നെ അങ്ങനെയാണ് അദ്ദേഹം കെയർ ചെയ്തത്. കുട്ടിക്കാലം തൊട്ട് ആരാധിക്കുന്ന മനുഷ്യന്റെ ആ തലോടലിൽ എനിക്ക് ഒരു അച്ഛന്റെ കരുതൽ ഫീൽ ചെയ്തു. 'ലാൽ ഇതുപോലെ ആരെയെങ്കിലും നോക്കിയിട്ടുണ്ടെങ്കിൽ അത് ആന്റണിയെയാണ്' എന്ന് സത്യനങ്കിൾ പറഞ്ഞ കമന്റ് ഞാൻ ഒരിക്കലും മറക്കില്ല,' സംഗീത് പ്രതാപ് പറയുന്നു.
അതേസമയം, ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയിലുള്ളത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്. മാളവിക മോഹനൻ ആണ് നായിക.
Content Highlights: Sangeeth Pratap shares his shooting experience with Mohanlal