ഹൃദയത്തിലെ ഇടിയ്ക്ക് ഹൃദയപൂർവത്തിൽ മറുപടി, ലാലേട്ടൻ ആ ട്രോളുകൾ അയച്ച് തന്നിരുന്നു; സംഗീത് പ്രതാപ്

'രണ്ടും കൂടെ മിക്സ് ചെയ്തുള്ള ട്രോൾ ആയിരുന്നു ലാലേട്ടൻ അയച്ചത്. ആരോ അദ്ദേഹത്തിന് അയച്ചു കൊടുത്ത ട്രോൾ അദ്ദേഹം എനിക്ക് ഫോർവേർഡ് ചെയ്യുകയായിരുന്നു'

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ സംഗീതിന്റെ സീനുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ എത്തിയ ഹൃദയം സിനിമയിൽ പ്രണവ് മോഹൻലിന്റെ കോളറിന് സംഗീത് പിടിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതുപോലെ ഹൃദയപൂർവ്വം ടീസറിൽ മോഹൻലാൽ സംഗീതിന്റെ കോളറിന് പിടിക്കുന്ന ഒരു സീനും ഉണ്ട്. ഇത് രണ്ടും ചേർത്തുവെച്ച് 'നീ എന്റെ മകനെ തൊടുന്നോടാ…' എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു. ഈ പോസ്റ്റുകൾ മോഹൻലാൽ തനിക്ക് അയച്ചിട്ടുണ്ടെന്ന് പറയുകയാണ് സംഗീത് ഇപ്പോൾ. മൂവിവേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഹൃദയപൂർവം സിനിമയിൽ ലാലേട്ടന്റെ കാല് പിടിച്ച് പൊക്കുന്നത് സഹായിക്കാൻ വേണ്ടിയാണ്. ഹൃദയത്തിലെ പോലെ അല്ല. ഇന്നലെ ലാലേട്ടൻ എനിക്ക് വാട്‌സ്ആപ്പിൽ ഒരു മെസേജയച്ചു. മുമ്പ് ഇറങ്ങിയ ഒരു ട്രോളായിരുന്നു അയച്ചത്. ഞാൻ പ്രണവിനെ ഇടിക്കുന്നതും, 'എന്റെ പിള്ളേരെ തൊടുന്നോടാ'യെന്നും പറഞ്ഞ് ലാലേട്ടൻ എന്റെ കോളറിന് പിടിക്കുന്നതും ആയിരുന്നു ട്രോൾ. രണ്ടും കൂടെ മിക്സ് ചെയ്തുള്ള ട്രോൾ ആയിരുന്നു ലാലേട്ടൻ അയച്ചത്. ആരോ അദ്ദേഹത്തിന് അയച്ചു കൊടുത്ത ട്രോൾ അദ്ദേഹം എനിക്ക് ഫോർവേർഡ് ചെയ്യുകയായിരുന്നു,' സംഗീത് പ്രതാപ് പറയുന്നു.

അതേസമയം, ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയിലുള്ളത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.

അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്. മാളവിക മോഹനൻ ആണ് നായിക.

Content Highlights:  Sangeet prathap says Lalettan sent him trolls

To advertise here,contact us