ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.., പ്രകാശ് വർമയുടെ സംവിധാനത്തിൽ സിനിമ, അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും

ഇപ്പോൾ ഒരു സിനിമ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായ തുടരും സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് പ്രകാശ് വർമ ശ്രദ്ധ നേടുന്നത്. എന്നാൽ ഇതിന് മുന്നേ തന്നെ നിരവധി ഹിറ്റ് പരസ്യ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒന്നിന് പുറകേ ഒന്നായി സർപ്രൈസുകൾ പൊട്ടിക്കുകയാണ് പ്രകാശ് വർമ. അടുത്തതായി താൻ കാലെടുത്ത് വെക്കുന്നത് സിനിമ സംവിധാനത്തിലേക്കാണെന്ന് പ്രകാശ് വർമ പറഞ്ഞു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അഭിനയം ഒരിക്കലും ഞാൻ ആഗ്രഹിച്ച ഒന്നായിരുന്നില്ല. സംവിധാനം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. ഉടൻ തന്നെ ഞാൻ അവിടെ എത്തും. 2026 ൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയുണ്ട്. പക്ഷെ സിനിമയുടെ കാര്യമാണ് എന്തും സംഭവിക്കാം,' പ്രകാശ് വർമ പറഞ്ഞു.

തന്റെ പരിമിതികളെ അതിരുകളെ മറികടക്കാൻ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും, റിസ്ക് എടുക്കുന്ന ഒരാളാണ് താൻ എന്നും പ്രകാശ് വർമ പറഞ്ഞു. ഇപ്പോൾ ഒരു സിനിമ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ചിലപ്പോൾ കാര്യങ്ങൾ വർക്ക് ഔട്ട് ആയില്ലെങ്കിലും വീണ്ടും ശ്രമിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിലും പരസ്യ സംവിധാനത്തിലും നിരവധി റിസ്ക് എടുത്തിട്ടുള്ള പ്രകാശ് വർമ വീണ്ടും സിനിമ സംവിധാനത്തിലൂടെ റിസ്ക് എടുക്കുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

അതേസമയം, അടുത്തിടെ വീണ്ടും പ്രകാശ് വർമയും മോഹൻലാലും ഒന്നിച്ച ഒരു പരസ്യ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിൽ മോഹൻലാൽ ആണ് അഭിനയിച്ചിരുന്നത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണിൽ നിന്നും ലഭിച്ചത്.

Content Highlights: The film is being directed by Prakash Varma

To advertise here,contact us