ബോളിവുഡിന് ഷാരൂഖ് ഖാന്റെ മകന്റെ വക എട്ടിന്റെ പണി! പ്രതീക്ഷ നൽകി 'ബാഡ്‌സ് ഓഫ് ബോളിവുഡ്' ടീസർ

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood) എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന.

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്.

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്. സെപ്റ്റംബർ 18 ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസ് പുറത്തുവരും. വീഡിയോയ്ക്ക് താഴെ ആര്യനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. ഗംഭീര സീരീസ് ആകും ഇതെന്നും ആര്യൻ ഖാൻ അച്ഛന്റെ പേര് കാത്തുസൂക്ഷിക്കുമെന്നാണ് കമന്റുകൾ. മുംബൈയിൽ നടന്ന ഗംഭീര ഇവന്റിൽ വെച്ചാണ് സീരിസിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. നടൻ ഷാരൂഖ് ഖാനും ചടങ്ങിൽ എത്തിയിരുന്നു.

Content Highlights: The Ba***ds of Bollywood Aryan Khan film teaser out now

To advertise here,contact us