മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന് തോന്നി പോകുമെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ക്യാമറയ്ക്ക് മുന്നിൽ ഏറ്റവും നന്നായി പെരുമാറുന്ന അഭിനേതാവാണ് മോഹൻലാൽ. മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും, ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന്. ഇത് ആർക്കും ചെയ്യാവുന്നതല്ലേ എന്ന് തോന്നി പോകും. അങ്ങനെ ഒരു മാജിക് ഉണ്ട് പുള്ളിക്ക്. അത് ബോധപൂർവ്വം ചെയ്യുന്നതല്ല,' സത്യൻ അന്തിക്കാട് പറഞ്ഞു.
അതേസമയം, സത്യന് അന്തിക്കാടും മോഹന്ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.
“മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും, ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന്” - Sathyan Anthikad pic.twitter.com/dyBKpOeauf
ആശിര്വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല് പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില് ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു.
അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന് പ്രഭാകരന് സംഗീത സംവിധാനവും നിര്വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.
Content Highlights: sathyan anthikad about mohanlal acting