നിവിൻ പോളി നായകനായി എത്തുന്ന സീരീസ് 'ഫാർമ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സീരീസ് ജിയോ ഹോട്ട്സ്റ്റാറിൽ ഉടൻ എത്തുമെന്നുമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന വിവരം. നിവിൻ ആദ്യമായി അഭിനയിക്കുന്ന ഒരു വെബ് സീരീസ് കൂടിയാണ് ഫാർമ. കഴിഞ്ഞ വർഷം സീരിസിന്റെ വേൾഡ് പ്രീമിയർ ഗോവയിൽ നടന്ന 55ാമത് ഇന്റർനാഷണൽ ഫിലിം ഓഫ് ഇന്ത്യയിൽ നടന്നിരുന്നു.
ഒരു ഗുളികയുടെ കവറിനുള്ളിൽ കിടക്കുന്ന നിവിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. കൂടാതെ ഒരു സെയിൽസ്മാന്റെ കഥയാണെന്ന ടാഗ്ലൈനും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. 'ഫൈനൽസ്' എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്. ബോളിവുഡ് താരം രജിത് കപൂര് ആണ് സിരീസില് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് കപൂര് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഫാർമക്കുണ്ട്.
നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഫാർമ നിർമിക്കുന്നത്. അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിര്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ, കാസ്റ്റിങ്: വിവേക് അനിരുദ്ധ്.
Content Highlights: Nivin Pauly starrer new web series Pharma new poster out