ഇനി ആ റെക്കോർഡ് THE ONE AND ONLY ലോകേഷ് കനകരാജിന് സ്വന്തം?

തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്.

തന്റെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് ഇനി സംവിധായകൻ ലോകേഷ് കനകരാജിന് സ്വന്തം. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്‌ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും.

കൈതി എന്ന സിനിമ ഇറങ്ങിയതിന് ശേഷം ലോകേഷിന്റെ ഗ്രാഫ് ഉയർന്നെങ്കിലും കമൽ ഹാസനെ നായകനാക്കി വിക്രം ചെയ്തപ്പോഴാണ് കുറച്ചുകൂടി ആളുകളിലേക്ക് ഈ സംവിധായകൻ എത്തിയത്. കാരണം വേറെയൊന്നുമല്ല അദ്ദേഹത്തിന്റെ മികച്ച മേക്കിങ് സ്റ്റൈലും തിരക്കഥയും എല്ലാ തരം പ്രേക്ഷകരെയും പിടിച്ചിരുത്താൻ കഴിഞ്ഞു എന്നത് തന്നെയാണ്. വിക്രത്തിന് ശേഷം ലോകേഷിന്റെ അടുത്ത പടത്തിനായി പ്രേക്ഷകർ വലിയ കാത്തിരിപ്പിലായിരുന്നു. അപ്പോഴാണ് വിജയിയെ നായകനാക്കി ലിയോ പുറത്തിറങ്ങിയത് അതും സൂപ്പർഹിറ്റ് ആയി.

ഇപ്പോഴിതാ രജനികാന്തിനെ നായകനാക്കി കൂലി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും ഇതുവരെ 400 കോടി രൂപയാണ് നേടിയിരിക്കുന്നത്. ലോകേഷിന്റെ കഴിഞ്ഞ രണ്ട് സിനിമകളും 400 കോടിയിലധികം നേടിയ ശേഷമാണ് ഇത് ആവർത്തിക്കുന്നത്. തമിഴിൽ എന്നല്ല ഇന്ത്യയിൽ ഒരു സംവിധായകനും ഈ നേട്ടം കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ലോകേഷ് കനകരാജ് ഈ റെക്കോർഡ് നേടിയതോടെ ഇന്ത്യയിലെ ഏറ്റവും ശമ്പളവും പ്രേക്ഷക പിന്തുണയുമുള്ള സംവിധായകനായി മാറി കഴിഞ്ഞു.

2022ൽ പുറത്തിറങ്ങിയ വിക്രം 424 കോടിയിലധികം രൂപയാണ് ലോകമെമ്പാടും നേടിയത്. അടുത്ത വർഷം ഇറങ്ങിയ ലിയോ 690 കോടിയിലധികം രൂപയും നേടി. ഇപ്പോഴിതാ രജനികാന്ത് ചിത്രം കൂലിയും വെറും നാല്‌ ദിവസങ്ങൾ കൊണ്ട് 400 കോടിയിലധികം രൂപ നേടിയിരിക്കുകയാണ്. ഓരോ ചിത്രങ്ങൾക്കും ഓരോ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് ലോകേഷ് കനകരാജ്. അടുത്തതായി ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ലോകേഷിന്റെ LCU ചിത്രമായ കൈതി 2വിന് വേണ്ടിയാണ്. കൂലിയുടെ റെക്കോർഡുകൾ ഭേദിക്കാൻ ഇനി കൈതിക്ക് കഴിയുമോ എന്ന് കണ്ടറിയാം.

Content Highlights: Lokesh kanagaraj the first South Indian director to attain a new record for past three movies

To advertise here,contact us