
മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്' 115 ലധികം രാജ്യങ്ങളിൽ റിലീസ് പ്ലാൻ ചെയ്യുന്നു. അതിൻ്റെ ഭാഗമായി ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിക്കുകയാണ് ചിത്രത്തിൻ്റെ ടീം. പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് വിതരണ ഡീലാണ് ഈ ചിത്രത്തിന് വേണ്ടി ദി പ്ലോട്ട് പിക്ചേഴ്സുമായി ചേർന്ന് ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിച്ച ഏറ്റവും വിപ്ലവകരവും ഉയർന്ന മൂല്യമുള്ളതുമായ വിദേശ വിതരണ സഹകരണങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഈ കരാർ വഴി യുഎഇ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമ്മനി തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ 115-ലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും.
ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.
പ്രതിക്ഷ കനോജിയ നയിക്കുന്ന ദി പ്ലോട്ട് പിക്ചേഴ്സ്, ദേവര പോലുള്ള വമ്പൻ ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യൻ സിനിമയെ വലിയ രീതിയിൽ കൃത്യതയോടെ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് കൊണ്ടുപോകുന്നതിലും ദി പ്ലോട്ട് പിക്ചേഴ്സ് പ്രശസ്തമാണ്. "ചത്ത പച്ച" എന്ന ചിത്രത്തിലൂടെ റീൽ വേൾഡ് എന്റർടൈൻമെന്റുമായുള്ള അവരുടെ സഹകരണം മലയാള സിനിമയുടെ ആഗോള വ്യാപ്തിക്ക് ഒരു പുതിയ ബെഞ്ച്മാർക്ക് ആണ് സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.
ആക്ഷന്റെയും വൈകാരികതയുടെയും അപൂർവ സംയോജനമാണ് ഈ ചിത്രമെന്നും, ആഗോള പ്രേക്ഷകർക്കായി ഇതുപോലെ ആധികാരികമായ മലയാള കഥകൾ അവതരിപ്പിക്കുന്നതിനായി റീൽ വേൾഡ് എന്റർടൈൻമെന്റുമായി സഹകരിക്കുന്നത് സ്വാഭാവികമായ ഒരു ചുവടുവയ്പ്പായി തോന്നി എന്നും ദി പ്ലോട്ട് പിക്ചേഴ്സിന്റെ സ്ഥാപകയും സിഇഒയുമായ പ്രതിക്ഷ കനോജിയ പറഞ്ഞു. ചിത്രത്തിൻ്റെ ആഗോള റിലീസിനായി ദി പ്ലോട്ട് പിക്ചേഴ്സുമായും അവരുടെ സ്ഥാപക പ്രതിക്ഷയുമായും കൈകോർക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും, ദേവര പോലുള്ള സിനിമകൾ ഉൾപ്പെടെയുള്ള അവിശ്വസനീയമായ ട്രാക്ക് റെക്കോർഡും 100-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിതരണ ശൃംഖലയും ഉള്ളതിനാൽ, ഇതുപോലുള്ള ഒരു സിനിമയ്ക്ക് അവർ അനുയോജ്യമായ പങ്കാളിയാണ് എന്നും ഈ ചിത്രം പകരുന്ന ഗംഭീര അനുഭവം ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ തങ്ങൾ കാത്തിരിക്കുകയാണ് എന്നും ചിത്രത്തിൻ്റെ നിർമ്മാതാവായ ഷിഹാൻ ഷൗക്കത്ത് വ്യക്തമാക്കി.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്സാൻ ലോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ആനന്ദ് സി ചന്ദ്രൻ, എഡിറ്റർ- പ്രവീൺ പ്രഭാകർ, ബി ജി എം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും- മെൽവി, മേക്കപ്- റോണക്സ് സേവ്യർ, ആർട്ട്- സുനിൽ ദാസ്, സ്റ്റണ്ട്- കലൈ കിങ്സ്റ്റൺ, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights:'Chattha Pacha - Ring of Rowdies' team joins hands with The Plot Pictures