'മാരീസന്‍ ആദ്യം ആലോചിച്ചത് മലയാളത്തില്‍'; തമിഴ് ചിത്രമാക്കാനുള്ള കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

"മലയാളം സിനിമയായാണ് ഞാന്‍ മാരീസന്റെ കഥ കണ്ടത്"

വടിവേലുവും ഫഹദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് മാരീസന്‍. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മാരീസന്‍ മലയാള സിനിമയായാണ് ആദ്യം ആലോചിച്ചിരുന്നതെന്ന് പറയുകയാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍.

ചിത്രത്തിലേക്ക് വടിവേലുവിനെ ആലോചിച്ചതിന് പിന്നാലെയാണ് തമിഴില്‍ ചെയ്യാനുള്ള തീരുമാനങ്ങളുണ്ടായതെന്നും ഫഹദ് പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഇക്കാര്യം പറഞ്ഞത്.

'ഏറെ ആസ്വദിച്ചാണ് മാമന്നനില്‍ വടിവേലുവിനൊപ്പം വര്‍ക്ക് ചെയ്തത്. ഞങ്ങള്‍ തമ്മില്‍ ഒരു ബോണ്ട് ഉണ്ട്. അത് ഞങ്ങളുടെ പെര്‍ഫോമന്‍സിലും പ്രതിഫലിക്കാറുണ്ട്. മലയാളം സിനിമയായാണ് ഞാന്‍ മാരീസന്റെ കഥ കണ്ടത്. കാസ്റ്റിങ്ങിലേക്ക് എത്തിയപ്പോള്‍ നമ്മള്‍ പല അഭിനേതാക്കളെ കുറിച്ച് ആലോചിച്ചു.

വടിവേലു സാറിനെ പോലെ ഒരാളായിരുന്നു കഥാപാത്രത്തിന് ആവശ്യമെന്ന് ഞാന്‍ എപ്പോഴോ പറഞ്ഞു. പടത്തിന്റെ നിര്‍മാതാവ് തമിഴില്‍ നിന്നായിരുന്നു. അദ്ദേഹം വടിവേലുവിനെ ആണ് കഥാപാത്രത്തിലേക്ക് ഉദ്ദേശിക്കുന്നതെങ്കില്‍ തമിഴില്‍ ഈ സിനിമ ആലോചിക്കാമല്ലോ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.

ഒരുമിച്ചൊരു കോമഡി സിനിമ ചെയ്യണമെന്ന് ഞാനും വടിവേലും സാറും നേരത്തെ പറയാറുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ സ്‌റ്റൈലിലുള്ള ഒരു കോമഡി സിനിമ ചെയ്യണം എന്നായിരുന്നു വടിവേലു സാര്‍ പറയാറുണ്ടായിരുന്നത്. അതുകൊണ്ട് ഈ കഥ ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ കഥ കേട്ടതും അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. അദ്ദേഹത്തെ ഇങ്ങനെയൊരു വേഷത്തില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇത് വടിവേലു സാറിന്റെ സിനിമയാണ്,' ഫഹദ് ഫാസില്‍ പറഞ്ഞു.

ജൂലൈ 25ന് തിയേറ്ററുകളിലെത്തുന്ന മാരീസനില്‍ വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും മത്സരിച്ചുള്ള അഭിനയം കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കുന്നത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Content Highlights: Fahadh Faasil says Mareesan was supposed to be a Malayalam film

To advertise here,contact us