വിവാദങ്ങളൊന്നുമില്ല എന്ന് എല്ലാവർക്കും അറിയാം, സിനിമ വലിയ വിഷയമാണ് സംസാരിക്കുന്നത്; JSK കാണാനെത്തി സുരേഷ് ഗോപി

പേരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നാണ് ചിത്രം തിയേറ്ററിലെത്തിയത്

വിവാദങ്ങൾക്കും പേരുമാറ്റലിനുമൊടുവിൽ തിയേറ്ററിലെത്തിയിരിക്കുകയാണ് സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള. ചിത്രം വലിയ വിഷയമാണ് സംസാരിക്കുന്നതെന്നും വിവാദങ്ങളൊന്നുമില്ലെന്നും നായകൻ സുരേഷ് ഗോപി പറയുന്നു. ചിത്രം കാണാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ചിത്രം നൽകുന്ന സന്ദേശമെന്താണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുരേഷ് ഗോപി.

'വിവാദങ്ങളൊന്നുമില്ല, അതൊക്കെ എല്ലാവർക്കും അറിയാം. സിനിമ വലിയ ഒരു വിഷയമാണ് സംസാരിക്കുന്നത്. ആ വിഷയം ഇങ്ങനെ വിവാദങ്ങളുയർത്തി ഇല്ലാതാക്കാൻ പാടില്ല. കാരണം ഇത് പെൺകുട്ടികളുടെ എല്ലാം സുരക്ഷ, ഒരുപക്ഷെ ദേശീയ സ്ത്രീശാക്തീകരണ നയത്തിന് ഒരു പുതിയ ഏട് കൂടി എഴുതിചേർക്കാൻ, നിയമപരമായ പുതിയ വരികൾ എഴുതി ചേർക്കാൻ വലിയ പോയിന്ററായിരിക്കും ഈ സിനിമ.

അതിനുള്ള ഒരു സൂചന ഉണ്ടാകുമെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് എല്ലാവരെയും ചിന്തിപ്പിക്കട്ടെ, അതിന് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരട്ടെ. ജാനകി വിദ്യാധരന്റെ ശബ്ദം സമൂഹത്തിന്റെ, പ്രത്യേകിച്ച് കൊച്ചുപെൺകുട്ടികളുടെ വളരെ വലിയ ശബ്ദമായി മാറട്ടെ,' , സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമാണത്തിൽ മാറ്റം കൊണ്ടുവരാൻ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും സുരേഷ് ഗോപി പറയുന്നു. ഒരു വലിയ തട്ടുപൊളിപ്പൻ സിനിമയല്ല താൻ പ്രതീക്ഷിക്കുന്നതെന്നും എല്ലാവരെയും ചിന്തിപ്പിക്കുന്ന റെവല്യൂഷനറി ട്രാൻസ്‌ഫോർമേഷന് വേണ്ടിയുള്ള സിനിമയാകാനുള്ള ശക്തി ഈ സിനിമക്കുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

അനുപമ പരമേശ്വരനാണ് ജെഎസ്‌കെയിൽ നായികാവേഷത്തിലെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രവീണ്‍ നാരായണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Content Highlights- Suresh Gopi talks about JSK movie

To advertise here,contact us