ടാഗ് ഉള്ള മാധ്യമങ്ങൾക്ക് മറുപടി നൽകാം, പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ല; ഗോകുല്‍ സുരേഷ്

'പാപ്പരാസിക്ക് ഞാൻ മറുപടി നൽകില്ല. നിങ്ങൾ കണ്ടന്റ് വളച്ചൊടിക്കുന്ന ടീം ആണ്'

വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രം ജെഎസ്​കെ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ആയി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രം കാണാന്‍ കുടുംബത്തോടൊപ്പം സുരേഷ് ഗോപി തൃശൂരിലെ രാഗം തിയറ്ററിലെത്തിയിരുന്നു. സഹോദരൻ മാധവ് സുരേഷിന്റെ അഭിനയം എങ്ങനെയുണ്ടെന്ന യൂട്യൂബേഴ്സിന്റെ ചോദ്യത്തിന് താൻ പാപ്പരാസ്സിക്ക് മറുപടി നൽകില്ല എന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് പറഞ്ഞു.

'ഞാൻ പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മാധ്യമങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാം, പാപ്പരാസിക്ക് ഞാൻ മറുപടി നൽകില്ല. നിങ്ങൾ കണ്ടന്റ് വളച്ചൊടിക്കുന്ന ടീം ആണ്. നിങ്ങൾ നിങ്ങളുടെ കണ്ടന്റ്, വിൽക്കുമല്ലോ മീഡിയക്കാർക്ക്! അവർ അതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്‍ലൈൻ ഇട്ടു വിടും. എനിക്കറിയാം നിങ്ങളെ,' ഗോകുൽ സുരേഷ് പറഞ്ഞു.

മറ്റൊരു വിഡിയോയില്‍ തന്‍റെ സഹോദരനും അച്ഛനും അഭിനയിച്ച പടത്തെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ എന്നും ഗോകുല്‍ പറയുന്നുണ്ട്. 'ക്രഡിബിളായ ആരെങ്കിലും മറുപടി പറയുന്നതാവും നല്ലത്. എന്‍റെ അച്ഛനും അനിയനുമൊക്കെ അഭിനയിച്ച പടത്തിന് ഞാന്‍ അഭിപ്രായം പറയാതിരിക്കുന്നതല്ലേ മാന്യത. ഏത് വാക്കാണ് വളച്ചൊടിക്കുക എന്ന് അറിയില്ല .അതിനാല്‍ പ്രതികരിക്കാന്‍ മടിയാണ്,' ഗോകുല്‍ പറഞ്ഞു.

Content Highlights: Gokul Suresh says he will not respond to paparazzi

To advertise here,contact us