'തല്ലുമാല', 'വിജയ് സൂപ്പറും പൗര്ണമിയും' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് ഡാന് ഓസ്റ്റിന് തോമസ് മോഹന്ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആഷിഖ് ഉസ്മാന് നിര്മിക്കുന്ന ചിത്രത്തിന് 'L 365' എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. രതീഷ് രവിയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഡാന് ഓസ്റ്റിന് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്.
'സിനിമയുടെ പ്രീ പ്രൊഡക്ഷൻ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫാൻ ആണ്. അതുകൊണ്ട് തന്നെ ഫാൻ ബോയ് പടം എന്ന് പ്രത്യേകം എടുത്ത് പറയാൻ ഇല്ല. എല്ലാരും പ്രാർത്ഥിക്കണം, നോക്കാം, സിനിമയുടെ കൂടുതൽ വിവരങ്ങൾ എല്ലാരോടും ആയി പങ്കുവെക്കും. ത്രില്ലർ ആണ് സിനിമ, കത്തിക്കണം,' ഓസ്റ്റിന് പറഞ്ഞു.
L365 investigation thriller 😌🔥#Mohanlal #L365 pic.twitter.com/CWn5wTF7jl
രതീഷ് രവി, ആഷിഖ് ഉസ്മാന്, ഡാന് ഓസ്റ്റിന് തോമസ് എന്നിവര്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്ലാല് തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണെന്ന് ആഷിഖ് ഉസ്മാൻ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആദ്യമായി മോഹന്ലാല് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിഗ് ബജറ്റ് സിനിമയായാണ് 'L 365' അണിയറയില് ഒരുങ്ങുന്നത്.
ആഷിഖ് ഉസ്മാന്റെ തന്നെ നിര്മാണത്തില് മിഥുന് മാനുവല് തോമസ് സംവിധാനംചെയ്ത 'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡറക്ടറായിരുന്നു ഓസ്റ്റിന്. ഫഹദ് ഫാസിലിനെ നായകനാക്കി അല്ത്താഫ് സലിം സംവിധാനംചെയ്യുന്ന 'ഓടും കുതിര ചാടും കുതിര', ഫഹദ് തന്നെ നായകനാകുന്ന തരുണ് മൂര്ത്തി ചിത്രം 'ടോര്പിഡോ' എന്നിവയാണ് ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് പ്രൊജക്ടുകള്.
Content Highlights: Director Austin talks about Mohanlal's film 'L 365'