സംവിധായകൻ ജയിംസ് ഗൺ ഒരുക്കുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഡി സി യൂണിവേഴ്സിലെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും ഇതുവരെ പുറത്തുവന്ന സൂപ്പർമാൻ സിനിമകളിൽ നിന്ന് ഈ സിനിമ മികച്ച് നിൽക്കുന്നെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ ചിത്രത്തിന് ആദ്യ ദിനം ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസിബിളിനെ കളക്ഷനിൽ മറികടക്കാനായില്ല.
റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് സൂപ്പർമാൻ നേടിയിരിക്കുന്നത് 7.25 കോടിയാണ്. 2D, 3D വേർഷനുകളിൽ ഐമാക്സ് ഉൾപ്പെടെയുള്ള സ്ക്രീനുകളിലാണ് സൂപ്പർമാൻ പ്രദർശനത്തിന് എത്തിയത്. ഇന്ത്യയിൽ നിന്ന് ഈ വർഷം ഒരു ഹോളിവുഡ് ചിത്രം നേടുന്ന മൂന്നാമത്തെ വലിയ ഓപ്പണിങ് ആണിത്. ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസിബിൾ 15.50 കോടി ആയിരുന്നു ആദ്യ ദിനം ഇന്ത്യയിൽ നിന്നും നേടിയത്. ജുറാസിക് വേൾഡ് റീബർത്ത് ആണ് രണ്ടാം സ്ഥാനത്ത്. 8.25 കോടിയാണ് സിനിമയുടെ കളക്ഷൻ.
5.50 കോടിയുമായി എഫ് വൺ ആണ് കളക്ഷനിൽ മൂന്നാം സ്ഥാനത്ത്. ഗംഭീര പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രത്തിന് വലിയ വരവേൽപ്പാണ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ചിത്രം സൂപ്പർമാനൊപ്പം ഐമാക്സ് സ്ക്രീനുകളിൽ പ്രദർശനം തുടരുന്നുണ്ട്. ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ആണ് നാലാം സ്ഥാനത്ത്. 4.35 കോടിയാണ് സിനിമയുടെ നേട്ടം. 4.25 കോടി നേടിയ ക്യാപ്റ്റൻ അമേരിക്ക ആണ് ലിസ്റ്റിൽ അഞ്ചാം ഇടം സ്വന്തമാക്കിയിരിക്കുന്നത്.
ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ഇക്കുറി സൂപ്പർമാനായി എത്തുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. എഡി ഗത്തേഗി, ആന്റണി കാരിഗൻ, നഥാൻ ഫിലിയോൺ, ഇസബെല്ല മെഴ്സ്ഡ്, സ്കൈലർ ഗിസോണ്ടോ, സാറ സാംപയോ, മരിയ ഗബ്രിയേല ഡി ഫാരിയ, വെൻഡൽ പിയേഴ്സ്, അലൻ ടുഡിക്, പ്രൂട്ട് ടെയ്ലർ വിൻസ്, നെവ ഹോവൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Content Highlights: Superman fails to cross Mission Impossible in first day collections