വിജയ് ദേവരകൊണ്ടയെ നായകനാക്കി സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്ത സിനിമയാണ് അർജുൻ റെഡ്ഢി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ചവെച്ചിരുന്നു. വിജയ്യുടെ കരിയറിൽ നിർണായക പങ്കുവഹിച്ച സിനിമയാണ് ഇത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അർജുൻ റെഡ്ഢി പ്രേക്ഷകർ മറക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും അതിനായി താൻ വളരെക്കാലം ശ്രമിച്ചെന്നും മനസുതുറക്കുകയാണ് വിജയ്.
'അര്ജുന് റെഡ്ഡി ആളുകള് മറക്കണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. വളരെക്കാലം അതിനുവേണ്ടി ശ്രമിച്ചു. അര്ജുന് റെഡ്ഡിയെ മറികടക്കുന്ന, അതിനേക്കാള് മികച്ച എന്തെങ്കിലും ചെയ്യണം എന്ന് ഞാന് ആഗ്രഹിച്ചിരുന്നു. എന്നാല്, അടുത്തിടെ മാത്രമാണ് എല്ലാവരാലും എപ്പോഴും സ്നേഹിക്കപ്പെടുന്ന സിനിമയാണ് അതെന്ന തിരിച്ചറിവിലേക്ക് ഞാന് എത്തിയത്. അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകള് ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യം എന്ന യാഥാര്ഥ്യവുമായി ഞാന് പൊരുത്തപ്പെട്ടു കഴിഞ്ഞു', ദി ഹോളിവുഡ് റിപ്പോര്ട്ടര് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില് വിജയ് ദേവരകൊണ്ട പറഞ്ഞു.
ശാലിനി പാണ്ഡെ, രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപ്, ഗോപിനാഥ് ഭട്ട് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അഞ്ച് കോടിയിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 51 കോടി ആയിരുന്നു. തുടർന്ന് ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.
Content Highlights: I wanted people to forget arjun reddy says Vijay Deverakonda