പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
ജാനകി എന്നത് ഏത് മതത്തിലെ പേരാണെന്നും സീത ഹിന്ദു ആണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും ഷൈൻ ചോദിച്ചു. 'എന്താണ് പ്രശ്നമെന്ന് സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത് ? ജാനകി എന്നത് ഏത് മതത്തിലെ പേരാണ് ? സീതയോ ജാനകിയോ ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ ? അത് രാമായണം എന്ന കൃതിയിൽ ഉള്ള ഒരു കഥാപാത്രം അല്ലേ', ഷൈൻ പറഞ്ഞു.
കഴിഞ്ഞ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ നിർമാതാക്കൾ ഉറച്ച് നിന്നതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. വിവാദങ്ങള്ക്കിടയില് ജെഎസ്കെ സിനിമ ഹൈക്കോടതി കണ്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജൂലൈ രണ്ടിന് നടന്ന വാദത്തിനിടയിലാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് ഹൈക്കോടതിയെത്തിയത്. സിനിമയെ വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്മാതാക്കള് ഹൈക്കോടതിയില് ഹര്ജി സമര്പ്പിക്കുകയായിരുന്നു. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്സര് ബോര്ഡ് പ്രദര്ശനം വിലക്കിയതെന്ന് നിര്മാതാക്കള് കോടതിയില് വ്യക്തമാക്കിയിരുന്നു.
Content Highlights: shine tom chacko responds to JSK controversy