'ഇതൊരു കുഞ്ഞ് സിനിമ, നിരാശപ്പെടുത്തില്ല ലാലേട്ടാ...'; വിസ്മയ മോഹൻലാൽ ചിത്രത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ്

ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടക്കുകയാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ സിനിമയിലേക്ക് എത്തുന്നത്. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ.

ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നതും ഈ റിപ്പോര്‍ട്ടുകള്‍ ശക്തമാക്കുന്നു. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Jude Anthany joseph about vismaya mohanlal film Thudakkam

To advertise here,contact us