ആ കഥാപാത്രത്തെ ഉപയോഗിക്കാതെ പോയ ഒരു മണ്ടനായിരുന്നു ഞാൻ, വളരെ മോശമായാണ് അഭിനയിച്ചത്; ലാൽ

'ഒരുപാട് ചാന്‍സുള്ള ഒരു ക്യാരക്ടര്‍ ആയിരുന്നു അത്. അതിനെ ഉപയോഗിക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം എനിക്ക് ഭയങ്കരമായിട്ടുണ്ട്.'

ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് കന്മദം. സിനിമയിൽ ജോണി എന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ ലാല്‍ എത്തിയത്. കന്മദത്തിലെ കഥാപാത്രം വളരെ മോശമായിട്ടാണ് താന്‍ ചെയ്തിരിക്കുന്നത് എന്ന് പറയുകയാണ് ലാൽ. നല്ല അവസരം കിട്ടിയിട്ട് ഉപയോഗിക്കാതെ പോയ മണ്ടനായിരുന്നു താനെന്ന് പിന്നീട് തോന്നിയെന്നും ലാൽ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഒരുപാട് പേര്‍ കന്മദത്തെ പറ്റി എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കറിയാം ഞാനത് വളരെ മോശമായിട്ടാണ് ചെയ്തിരിക്കുന്നത് എന്ന്. കാണുന്നവര്‍ക്ക് ചിലപ്പോള്‍ അത് ഓക്കെ ആയിരിക്കും. പക്ഷേ ഒരുപാട് ചാന്‍സുള്ള ഒരു ക്യാരക്ടര്‍ ആയിരുന്നു അത്. അതിനെ ഉപയോഗിക്കാന്‍ പറ്റിയില്ലല്ലോ എന്ന് പറയുന്ന സങ്കടം എനിക്ക് ഭയങ്കരമായിട്ടുണ്ട്. ഭയങ്കര ഡെപ്ത്തുള്ള, പവര്‍ഫുള്ളായിട്ടുള്ള, ഹീറോയിസമുള്ള, പോസിറ്റീവായിട്ടുള്ള ഒരു ക്യാരക്ടര്‍ ആണത്. അതിനെ ഉപയോഗിക്കാതെ പോയ ഒരു മണ്ടനായിരുന്നു ഞാനെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍ നന്നായി ചെയ്‌തേനെ,’ എന്നായിരുന്നു ലാല്‍ പറഞ്ഞത്.

എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും ഏതൊരു ആര്‍ടിസ്റ്റിനും തോന്നുന്ന കാര്യമാണ് ഇതെന്നും അത് പക്ഷേ ചെയ്യുന്ന സമയത്ത് കിട്ടണം എന്നാണ് ഇതിന് മറുപടിയായി ഹരിശ്രീ അശോകൻ പറഞ്ഞത്. ഇരുവരും ഒന്നിച്ച കേരള ക്രെെം ഫയല്‍സ് രണ്ടാം സീസണിന്‍റെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് മുന്‍ കഥാപാത്രങ്ങളെ കുറിച്ച് ലാലും ഹരിശ്രീ അശോകനും സംസാരിച്ചത്.

‘നമ്മള്‍ എത്ര നന്നായി അഭിനയിച്ചാലും ആ സിനിമ കാണുമ്പോള്‍ അവിടെ കുറച്ചുകൂടി ശരിയാക്കാമായിരുന്നു, ഇവിടെ കുറച്ചുകൂടി ശരിയാക്കാമായിരുന്നു എന്നൊക്കെ എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും തോന്നും. അത് ഇങ്ങനെ ആയിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്ന് തോന്നും. പക്ഷേ നമുക്കത് ആദ്യമേ കിട്ടില്ല.

ചില സിനിമയില്‍ ആദ്യമേ തന്നെ ഒത്തുകിട്ടുകയും ചെയ്യും. തുടങ്ങി വരുന്ന സമയത്ത് ആ കഥാപാത്രത്തെ നമുക്ക് കിട്ടാന്‍ വലിയ പാടാണ്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് നമ്മള്‍ ട്രാക്കില്‍ ആയിക്കഴിയുമ്പോഴാണ് കിട്ടുക, എന്നാലും പൂര്‍ണമായി കിട്ടില്ല. ഒരു കഥാപാത്രമായി പൂര്‍ണമായി മാറാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ആ സിനിമ മുഴുവന്‍ കാണുമ്പോഴാണ് അവിടെ കുറച്ച് ഇങ്ങനെ ചെയ്യാമായിരുന്നു, ആ റിയാക്ഷന്‍ സുഖമായില്ല എന്നൊക്കെ തോന്നുന്നത്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlights: Lal talks about his role in the movie Kanmadam

To advertise here,contact us