ഇന്റഗ്രേഷനും ഡിഫറൻസിയേഷനും പഠിച്ചത് എന്തിനെന്ന് കാർത്തിക് സൂര്യ; കലക്കൻ മറുപടി നൽകി സിജു സണ്ണി

എത്ര മനോഹരമായാണ് സിജു ചോദ്യത്തിന് മറുപടി നല്‍കുന്നതെന്നും കാര്‍ത്തിക് സൂര്യ പിന്നീട് പറയുന്നുണ്ട്

സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനും കോസും തീറ്റയുമെല്ലാം പലരും കഷ്ടപ്പെട്ട് പഠിച്ച സംഭവങ്ങളാണ്. കണക്കിലെയും ഫിസിക്‌സിലെയും കടുകട്ടിയായ പല ഫോര്‍മുലകളും സമവാക്യങ്ങളുമെല്ലാം എന്തിനാണ് പഠിച്ചതെന്നുപോലും അറിയില്ലെന്ന് പലരും പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരം പറച്ചിലുകള്‍ക്ക് ഒരു കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ സിജു സണ്ണി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് സിജു സണ്ണിയുടെ പ്രതികരണം. നമ്മള്‍ ഈ ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനും പോലുള്ള സംഭവങ്ങളെല്ലാം പഠിച്ചിട്ടുണ്ട്. അത് എന്തിനാണെന്ന് പോലും തനിക്ക് ഇതുവരെ അറിയില്ലെന്നായിരുന്നു കാര്‍ത്തിക് സൂര്യ വാദിച്ചത്. എന്നാല്‍ കാര്‍ത്തിക് സൂര്യയുടെ ഈ വാദത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സിജു സണ്ണി നല്‍കിയത്. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ നമ്മള്‍ പഠിക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും അതിന്റേതായ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗമുണ്ടെന്നും, ഇവിടിരുന്ന് പറയുന്നതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാകാത്തതാണെന്നാണ് സിജു സണ്ണി പറയുന്നത്.

'ഇവിടെ ഇങ്ങനെ കസേരയിലിരുന്ന് ചുമ്മാ പറയുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നത്. ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനുമെല്ലാം ഓരോ പ്ലാറ്റ്‌ഫോമുകളില്‍ പ്രയോഗിക്കേണ്ടതാണ്. വലിയ പൈപ്പിനകത്ത് ഓയില്‍ പോകുന്നതിന്റെ വെലോസിറ്റിയൊക്കെ കണക്കുകൂട്ടുന്നത് ഇങ്ങനെയാണ്. ഈ പൈപ്പിനകത്തുകൂടെ ഇത്ര വെലോസിറ്റിയില്‍ മാത്രമേ ഓയില്‍ പോകാവൂ. അതില്‍ കൂടുതല്‍ വേഗതയില്‍ ഓയില്‍ പോയാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നെല്ലാമുണ്ട്', സിജു പറഞ്ഞു.

'ഇതെല്ലാം കണക്കുകൂട്ടുന്നതിന് ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കും. അല്ലാതെ ഇതെല്ലാം എന്തിന് പഠിക്കുന്നുവെന്ന് നമ്മള്‍ ഇവിടെ ഇരിക്കുമ്പോഴാണ് തോന്നുന്നത്. ഉദാഹരണത്തിന് ഒരു വലിയ ബില്‍ഡിങ്ങിന്റെ ഉയരവും മറ്റും അളക്കണമെങ്കില്‍ കുത്തിയിരുന്ന് സ്‌കെയിലെടുത്ത് അളക്കാന്‍ കഴിയില്ലല്ലോ. അതിന് ഫോര്‍മുല വേണം', സിജു കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്ര മനോഹരമായാണ് സിജു അതിന് മറുപടി പറഞ്ഞിരിക്കുന്നതെന്ന് കാര്‍ത്തിക് സൂര്യ പറയുന്നുമുണ്ട്.

എന്ത് കൃത്യവും വ്യക്തവുമായാണ് സിജു സണ്ണി ഇപ്പോഴത്തെ “ട്രെൻഡ്” ചോദ്യത്തിന് ഉത്തരം പറഞ്ഞത്. 👏🏻 pic.twitter.com/Y0ddLVGIzz

വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള പോഡ്കാസ്റ്റിലായിരുന്നു സിജുവിന്‍റെ പ്രതികരണം. പോഡ്കാസ്റ്റിന്റെ വീഡിയോ വൈറലായതോടെ സിജുവിന്റെ മറുപടിയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ സിജു പൊതുവേയുള്ള തെറ്റിദ്ധാരണകളെ മനോഹരമായി പൊളിച്ചടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights: Siju Sunny's Reply For Karthik Surya Goes Viral

To advertise here,contact us