ഈ ആഘോഷം ഇപ്പോഴൊന്നും കഴിയുമെന്ന് തോന്നുന്നില്ല, കൂടുതൽ തിയേറ്ററിലേക്ക് ഛോട്ടാ മുംബൈ; കളക്ഷൻ റിപ്പോർട്ട്

പുറത്തിറങ്ങി ഏഴാം ദിനവും പ്രേക്ഷകരുടെ ആവേശത്തിന് കുറവൊന്നുമില്ല

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. റിലീസ് ചെയ്തു ഒരാഴ്ച കഴിയുമ്പോഴും മികച്ച കളക്ഷൻ ആണ് സിനിമ നേടുന്നത്.

മൂന്ന് കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. പുറത്തിറങ്ങി ഏഴാം ദിനവും പ്രേക്ഷകരുടെ ആവേശത്തിന് കുറവൊന്നുമില്ല. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ അടക്കം സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം ആഴ്ചയിൽ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തും. ഒപ്പം കേരളത്തിന് പുറത്തേക്കും സിനിമ എത്താനുള്ള തയ്യാറെടുപ്പിലാണ്. തിയേറ്ററിൽ നിന്നുള്ള പ്രേക്ഷകരുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിലെ ഗാനങ്ങൾക്കൊത്ത് പ്രേക്ഷകർ ഡാൻസ് ചെയ്യുന്നതും, ഡയലോഗുകൾ പറയുന്നതുമൊക്കെ വീഡിയോകളിൽ കാണാവുന്നതാണ്.

ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്.

ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Content Highlights: Chotta Mumbai continues housefull shows after one week

To advertise here,contact us