സൂര്യയുടെ ഈ കഷ്ടപ്പാടൊക്കെ വെറുതെയായി പോയല്ലോ, ചർച്ചയായി 'റെട്രോ'യുടെ ഫൈറ്റ് റിഹേഴ്സൽ വീഡിയോ

ഒടിടിയിൽ മികച്ച പ്രതികരണമാണ് റെട്രോയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിലെ സൂര്യയുടെ പ്രകടനത്തെ എടുത്ത് പറഞ്ഞു പ്രശംസിക്കുകയാണ് ഇപ്പോൾ

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. എന്നാൽ ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ ആക്ഷൻ സീനുകളുടെ ബിഹൈൻഡ് ദി സീൻ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ ഹോസ്പിറ്റൽ ഫൈറ്റ് സീനിന്റെയും ബീച്ച് ഫൈറ്റ് സീനിന്റെയും റിഹേഴ്സൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിനായി ആക്ഷൻ കൈകാര്യം ചെയ്തത് പ്രശസ്ത ഫൈറ്റ് കൊറിയോഗ്രാഫർ കെച്ചയാണ്. ബാഹുബലി, ജവാൻ, തുപ്പാക്കി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഈ ടീമിന്റെ ജൈക്ക പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിഹേഴ്സലിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഫൈറ്റിനായി സൂര്യ പരിശീലിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. മികച്ച സ്വീകരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ഇത്രയും സൂര്യ കഷ്ടപ്പെട്ടിട്ടും റെട്രോ വിജയിക്കാതെ പോയത് കഷ്ടമായി പോയി എന്നാണ് വീഡിയോക്ക് താഴെ ആരാധകർ കുറിക്കുന്നത്.

അതേസമയം, ഒടിടിയിൽ മികച്ച പ്രതികരണമാണ് റെട്രോയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിലെ സൂര്യയുടെ പ്രകടനം എടുത്ത് പറഞ്ഞു പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സിനിമ തിയേറ്ററിൽ കാണാതിരുന്നത് വലിയ നഷ്ടമായെന്ന് പറയുന്നവര്‍ ശാരീരികക്ഷമത ഇപ്പോഴും നിലനിർത്തുന്ന സൂര്യയ്ക്ക് അഭിനന്ദനവും ചൊരിയുന്നുണ്ട്. ചിത്രം മെയ് ഒന്നിനായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.

Content Highlights: Retro fight rehersal video goes viral

To advertise here,contact us