'ഇത് കത്തും'; വീണ്ടും ഒരു ഗംഭീര പൊലീസ് കഥയുമായി ഷാഹി കബീർ; 'റോന്ത്' ട്രെയ്‌ലർ

രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് റോന്ത്

ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീർ ചിത്രം റോന്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒരു മികച്ച പൊലീസ് സ്റ്റോറിയായിരിക്കും സിനിമ പറയുക എന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ജൂൺ 13 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് റോന്ത്. യോഹന്നാൻ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി ദിലീഷ് പോത്തനും ദിൻനാഥ് എന്ന പൊലീസ് ഡ്രൈവറായി റോഷനും എത്തും. ഇരുവരുടെയും കരിയറിലെ വ്യത്യസ്തമായ വേഷങ്ങളാകും ഇതെന്നാണ് പ്രതീക്ഷ.

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്.

ജോസഫിനും ഇലവീഴാപൂഞ്ചിറക്കും മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി ആണ്.

Content Highlights: Ronth movie trailer out

To advertise here,contact us