കമൽ ഹാസനൊപ്പം ക്ലാഷ് വെക്കാൻ എങ്ങനെ ധൈര്യം വന്നു? 'തഗ്' റിലീസിനെക്കുറിച്ച് രസകരമായ മറുപടിയുമായി ധ്യാൻ

നേരത്തെ രജനികാന്ത് ചിത്രമായ ജയിലറിനൊപ്പം അതേ പേരിലുള്ള സിനിമയുമായി ധ്യാൻ ക്ലാഷിനെത്തിയതും ചർച്ചയായിരുന്നു

തുടർച്ചയായി സിനിമകൾ ചെയ്യുന്നതിന്റെ പേരിലും അവയെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നാല്‍ താരത്തിന്റെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റുമാണ്. നടന്റെ പുതിയ സിനിമയായ 'തഗ്' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിന്റെ പേരിനോട് സാമ്യം ഉണ്ടാകുകയും, ചിത്രത്തിന്‍റെ റിലീസ് ഡേറ്റിനോട് ചേര്‍ന്ന് തന്നെ ധ്യാൻ ചിത്രത്തിന്‍റെ റിലീസ് വെക്കുകയും ചെയ്തതോടെയാണ് സംഭവം ട്രെൻഡിങ്ങായത്.

ഇപ്പോഴിതാ കമൽ ഹാസനുമായുള്ള ക്ലാഷിനെക്കുറിച്ച് മനസുതുറക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. കുറച്ച് സീനുകളിൽ മാത്രമാണ് ആ സിനിമയിൽ താനുള്ളതെന്നും തന്റെ സുഹൃത്തിന്റെ സിനിമയായതിനാൽ പോയി അഭിനയിച്ചതാണെന്നും ധ്യാൻ പറഞ്ഞു. 'എന്റെ ഒരു സുഹൃത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് തഗ്. അവനാണ് അതിലെ നായകനും. അര ദിവസത്തേക്ക് ഒരു വർക്ക് ഉണ്ട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചെയ്ത വർക്ക് ആണ്. ഞാൻ ആ സിനിമയിൽ ഒന്നോ രണ്ടോ സീനിലെ ഉള്ളു.', ധ്യാൻ പറഞ്ഞു. കമൽ ഹാസനുമായി ക്ലാഷ് വെക്കാൻ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചപ്പോൾ 'ആ ധൈര്യം എനിക്ക് ജനിച്ചപ്പോൾ മുതൽ ഉണ്ട്' എന്ന് തമാശ കലർന്ന മറുപടിയാണ് ധ്യാൻ നല്‍കിയത്.

ബാലു എസ് നായർ ആണ് തഗ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സന്ധ്യ സുരേഷ് ആണ് സിനിമ നിർമിക്കുന്നത്. ജൂൺ ആറിനാണ് സിനിമ റിലീസിനൊരുങ്ങുന്നത്. നേരത്തെ രജനികാന്ത് ചിത്രമായ ജയിലറിനൊപ്പം അതേ പേരിലുള്ള സിനിമയുമായി ധ്യാൻ ക്ലാഷിനെത്തിയതും ചർച്ചയായിരുന്നു.

'ആ ധൈര്യം എനിക്ക് ജനിച്ചപ്പോ മുതൽ ഉണ്ട് '😅#DhyanSreenivasan on his movie #Thug clashing with the OG #ThugLife pic.twitter.com/nEM1L3KdGk

അതേസമയം, ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ധ്യാൻ സിനിമ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് സിനിമ നിർമിക്കുന്നത്. പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാൻ ശ്രമിക്കുന്ന പൊലീസും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലനും നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ധ്യാൻ ശ്രീനിവാസനൊപ്പം, സിജു വിൽ‌സൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights: Dhyan Sreenivasan talks about clash with kamal haasan

To advertise here,contact us