പടക്കളം ലാഭമാണ്, അടുത്ത ആഴ്ചത്തെ കണക്കിൽ നഷ്‍ടമെന്ന് പറയേണ്ട: വിജയ് ബാബു

ചിത്രം റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്നാണ് വിജയ് ബാബു പറയുന്നത്

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് നിർമാതാവ് വിജയ് ബാബു പറ‌ഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ചിത്രം റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്നാണ് വിജയ് ബാബു പറയുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന തിയേറ്റർ വിസിറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഞങ്ങള്‍ രണ്ട് പേരും കൂടി (ഷറഫുദ്ദീനെക്കുറിച്ച്) ഒരു കാര്യം പറയാം. ഇന്ന് പതിനൊന്നാം ദിവസമാണ്. പടം ഞങ്ങള്‍ ലാഭമായി. ഇനി അടുത്ത ആഴ്ച കണക്കില്‍ ഞങ്ങള്‍ നഷ്ടമായി വേണ്ട,'എന്നാണ് വിജയ് ബാബു പറഞ്ഞത്. നടൻ ഷറഫുദ്ദീനും മറ്റു അണിയറപ്രവർത്തകരും തിയേറ്റർ വിസിറ്റിൽ വിജയ് ബാബുവിനൊപ്പമുണ്ടായിരുന്നു.

#Padakkalam Is A Profitable Venture For Friday Film House 👏🔥@fridayfilms2012pic.twitter.com/y2EdSurrQI

മെയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തുന്ന സിനിമ ഫാന്റസി കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം. നിതിന്‍ സി ബാബുവും മനു സ്വരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: Vijay Babu says that Padakkalam is a profitable movie

To advertise here,contact us