'എന്തെങ്കിലും ലക്ഷ്യം നേടാനല്ല അവിടെ പോയത്'; മലയാളത്തില്‍ അഭിനയിച്ചതിന്റെ കാരണം പറഞ്ഞ് കമല്‍ ഹാസന്‍

"സത്യന്‍ മാസ്റ്ററും കൊട്ടാരക്കരയും പി ജെ ആന്റണിയുമെല്ലാം എനിക്ക് ഹീറോസാണ്"

തമിഴില്‍ താരപദവിയിലിരിക്കേ മലയാള സിനിമയിലേക്കും കടന്നുവന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കമല്‍ ഹാസന്‍. അഭിനയജീവിതത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ തന്നെ നിരവധി മലയാളം ചിത്രങ്ങളില്‍ കമല്‍ ഹാസന്‍ മലയാളത്തില്‍ വേഷമിട്ടിരുന്നു. കന്യാകുമാരി, വിഷ്ണു വിജയം, ഞാന്‍ നിന്നെ പ്രേമിക്കുന്നു, തിരുവോണം, മറ്റൊരു സീത, രാസലീല, അഗ്നിപുഷ്പം തുടങ്ങിയവ ചില ഉദാഹരണങ്ങള്‍.

തന്റെ അഭിനയത്തെയും കഴിവുകളെയും തേച്ചുമിനുക്കാനാണ് മലയാള സിനിമയിലേക്ക് പോയതെന്നാണ് കമല്‍ ഹാസന്‍ പറയുന്നു. അക്കാലത്തെ മലയാളത്തിലെ അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് സിനിമയോടുള്ള സമീപനത്തില്‍ വരെ മാറ്റം വരുത്തിയെന്നും അദ്ദേഹം പറയുന്നു. സത്യന്‍ മാസ്റ്ററും കൊട്ടാരക്കരയും പി ജെ ആന്റണിയുമെല്ലാം തനിക്ക് ഹീറോസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ മലയാള സിനിമാനുഭവത്തെ കുറിച്ച് സംസാരിച്ചത്.

'ഞാന്‍ മലയാള സിനിമയിലേക്ക് പോയത് എന്റെ കഴിവുകള്‍ക്ക് തേച്ചുമിനുക്കാനാണ്. ഇവിടെ എപ്പോഴും പ്രധാനമായും നിറഞ്ഞുനിന്നത് കൊമേഴ്‌സ്യല്‍ സിനിമകളായിരുന്നു. അതില്‍ നമ്മളെ സ്വയം പുതുക്കാനുള്ള അവസരമൊന്നും ഉണ്ടായിരുന്നില്ല. എം.കെ ബാലചന്ദറും മലയാളം സിനിമകളും മാത്രമായിരുന്നു എനിക്കുള്ള ഏക ആശ്വാസം. സ്വയം മിനുക്കാനും വളരാനുമാണ് ഞാന്‍ മലയാളത്തിലേക്ക് പോയത്.

പരിശീലന കാലമായാണ് ഞാന്‍ ആ നാളുകളെ കാണുന്നത്. അല്ലാതെ എന്തെങ്കിലും ലക്ഷ്യം നേടിയെന്നോ എന്റെ കഴിവുകളെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാനായെന്നോ ഒന്നും ഞാന്‍ കരുതുന്നില്ല. അതിനല്ലായിരുന്നു ഞാന്‍ അവിടേക്ക് പോയത്. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നിനെ കുറിച്ചും പരാതിപ്പെട്ടിരുന്നില്ല. അവിടുത്തെ ഒരു അനുഭവപരിചയം ലഭിച്ചതില്‍ എനിക്ക് എപ്പോഴും നന്ദിയാണ് തോന്നാറുള്ളത്.

അക്കാലത്തെ മലയാളം അഭിനേതാക്കളോടൊപ്പം വര്‍ക്ക് ചെയ്യാനായത് അഭിനയത്തോടും സിനിമയോടുമുള്ള എന്റെ സമീപനത്തില്‍ പോലും മാറ്റം വരുത്തി. ഞാന്‍ ഈ പറയുന്ന ആക്ടേഴ്‌സ് വമ്പന്‍ മുന്‍നിര താരങ്ങള്‍ പോലുമായിരുന്നില്ല എന്നോര്‍ക്കണം. അത്യപൂര്‍വമായല്ലേ ഒരാളൊക്കെ ഒന്നാം നിരയിലേക്ക് എത്തുക, സത്യന്‍ മാസ്റ്ററെ പോലെ ചിലര്‍ മാത്രം. അദ്ദേഹം അഭിനയത്തില്‍ പുതിയ വഴിവെട്ടിയ വ്യക്തിയാണ്, അതുകൊണ്ടാണ് അദ്ദേഹത്തെ ഇന്നും മാസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. കൊട്ടാരക്കര ശ്രീധരന്‍, പി ജെ ആന്റണി തുടങ്ങിയവരൊക്കെ എന്റെ ഹീറോസ് ആയിരുന്നു,' കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlights: Kamal Haasan about Malayalam cinema

To advertise here,contact us