സമീപകാലത്തെ തുടർ പരാജയങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്ക് ഒരു തിരിച്ചുവരവ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് കിങ്ഡം. സൗത്ത് ഇന്ത്യൻ സെൻസേഷനായ അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി അനി സംഗീതം നൽകുന്ന ആദ്യ ചിത്രമാണിത്. ഈ വേളയിൽ അനിരുദ്ധിന്റെ സംഗീതത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
'വി ഐ പി, 3 എന്നീ സിനിമകൾ കണ്ടപ്പോൾ മുതൽ ഞാൻ അനിരുദ്ധിനെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ആരാണ് ഈ ജീനിയസ് എന്നാണ് ഞാൻ ആലോചിച്ചത്. ആ സമയം ഞാൻ ഒരു നടനായിട്ടില്ല. എന്നെങ്കിലും ഞാനൊരു നടനായാൽ എന്നെ സ്ക്രീനിൽ കാണിക്കുമ്പോൾ അനിരുദ്ധിന്റെ സംഗീതം പശ്ചാത്തലത്തിൽ വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് എന്റെ കരിയർ ആരംഭിച്ച സമയം, പല സിനിമകളിലും അനിരുദ്ധിനെ കൊണ്ടുവരുവാൻ കഴിയാത്തതിൽ അസ്വസ്ഥമായിട്ടുണ്ട്. ഞാൻ ഒരു രാജാവായിരുന്നെങ്കിൽ അനിരുദ്ധിനെ തട്ടികൊണ്ടുവന്ന് എന്റെ കൊട്ടാരത്തിൽ താമസിപ്പിച്ച് എന്റെ സിനിമയ്ക്ക് മാത്രം സംഗീതം ചെയ്യിപ്പിക്കും എന്നൊക്കെ പറയും,' എന്ന് ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട പറഞ്ഞു.
If I was a King, I would kidnap #Anirudh, put him in my palace & then make him compose music only for my films 😮- Konda Atrocities 👀#VijayDeverakonda #KINGDOM pic.twitter.com/spWm6gFbQg
അതേസമയം കിങ്ഡം ജൂലൈ നാലിനാണ് റിലീസ് ചെയ്യുന്നത്. ജേഴ്സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗൗതം തന്നൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്.
വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമാണ് കിങ്ഡം. ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിത്താര എന്റര്ടെയ്മെന്റും ഫോര്ച്യൂണ് 4 ഉം ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.
Content Highlights: Vijay Deverakonda talks about Anirudh's music