മികച്ച സിനിമകളിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും 1000 കോടി നേടിയ ചിത്രങ്ങൾ ഉൾപ്പടെ വലിയ വിജയങ്ങളാണ് ആമിർ ഖാൻ നേടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ടതിന് പിന്നാലെ ആമിർ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല് ഇപ്പോള് 'സിത്താരെ സമീൻ പർ' എന്ന സിനിമയിലൂടെ ആമിർ തിരിച്ചെത്തുകയാണ്. സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ട്രെയ്ലർ റിലീസിന് പിന്നാലെ ആമിർ ഖാന് നേരെ വിമർശനങ്ങൾ ഉയരുകയാണ്.
സിത്താരെ സമീൻ പർ സ്പാനിഷ് ചിത്രമായ ചാംപ്യൻസിന്റെ റീമേക്ക് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രം സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഖാൻ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നാണ് വിമർശനങ്ങൾ. ലാൽ സിംഗ് ഛദ്ദ പരാജയപ്പെട്ടിട്ടും ആമിർ ഖാനെ പോലെ ഒരു നടൻ എന്തിനാണ് വീണ്ടും റീമേക്കുകൾക്ക് പിന്നാലെ പോകുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ചാമ്പ്യൻസ് ഫ്രീ ആയി ഹോട്ട്സ്റ്റാറിൽ ഉണ്ടെന്നും പിന്നെ എന്തിനാണ് പ്രേക്ഷകർ വലിയ തുക കൊടുത്ത് റീമേക്ക് തിയേറ്ററിൽ കാണുന്നതെന്നും കമന്റുകളുണ്ട്.
അതേസമയം, നല്ല അഭിപ്രായങ്ങളും ട്രെയ്ലറിന് ലഭിക്കുന്നുണ്ട്. ആമിർ ഖാന്റെ തിരിച്ചുവരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാമെന്നും ട്രെയ്ലറിൽ നടൻ തകർത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാവരും ആക്ഷൻ, വയലൻസ് സിനിമകളുടെ പിന്നാലെ പോകുമ്പോൾ ഒരു സിംപിൾ ഫീൽ ഗുഡ് ഡ്രാമയിലൂടെ എങ്ങനെ ഹിറ്റടിക്കാമെന്ന് ആമിർ കാണിച്ചുതരുമെന്നും ഒരു ആരാധകൻ എക്സിൽ കുറിച്ചിട്ടുണ്ട്. ജൂൺ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
#SitaareZameenPar trailer was average tbh , movie might be good but trailer is just boring 👍🙏 pic.twitter.com/xrOG2iv7ic
The trailer of #SitareZameenPar was dull and looks like scene to scene copy of original Champions trailer. pic.twitter.com/FASFtuDMib
ശുഭ് മംഗള് സാവ്ധാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര് എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം. മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും പരാജയപ്പെട്ടിരുന്നു.
Content Highlights: Aamir Khan movie Sitaare Zameen Par trailer receives criticism