മികച്ച സിനിമകൾ കൊണ്ടും ഗംഭീര ഫിലിംമേക്കിങ് കൊണ്ടും സിനിമാപ്രേമികളെ എന്നും ഞെട്ടിച്ചിട്ടുള്ള സംവിധായകനാണ് രാജ്കുമാർ ഹിരാനി. സംവിധായകന്റേതായി ഇതുവരെ പുറത്തുവന്ന സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. അതിൽ ആമിർ ഖാൻ-രാജ്കുമാർ ഹിരാനി കോംബോ എന്നും ബോളിവുഡ് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ്. ഇപ്പോഴിതാ വ ങ്ങളുടെ ഇടവേളക്ക് ശേഷം ഈ കോംബോ വീണ്ടുമൊന്നിക്കുന്നു എന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ഒരു പുതിയ സിനിമയ്ക്കായി ആമിർ ഖാനും ഹിരാനിയും ഒന്നിക്കുകയാണ്. 3 ഇഡിയറ്റ്സ്, പികെ എന്നീ സിനിമകൾക്കായിട്ടാണ് ഇരുവരും മുൻപ് കൈകോർത്ത്. ഇരു സിനിമകളും ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് ഉണ്ടാക്കിയത്. മൂന്ന് സ്ക്രിപ്റ്റുകൾ രാജ്കുമാർ ഹിരാനി തയാറാക്കിയെന്നും അതിൽ ഒന്നാണ് ആമിറിനായി അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. തിരക്കഥ ആമിറിന് വളരെയധികം ഇഷ്ടമായെന്നും തന്റെ വരാനിരിക്കുന്ന സിനിമയായ സിത്താരെ സമീൻ പറിൻ്റെ റിലീസിന് ശേഷം ഹിരാനി സിനിമയുടെ മറ്റു വർക്കിലേക്ക് കടക്കുമെന്നാണ് സൂചന. 2026 ൽ ഈ സിനിമയുടെ ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ഡങ്കി ആണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ രാജ്കുമാർ ഹിരാനി ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയതെങ്കിലും ബോക്സ് ഓഫീസിൽ നിന്നും 400 കോടിയോളം സിനിമ വാരിക്കൂട്ടി. താപ്സി, വിക്കി കൗശൽ, ബൊമൻ ഇറാനി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. രാജ്കുമാർ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്.
അതേസമയം, സിത്താരെ സമീൻ പർ ആണ് ഇനി വരാനിരിക്കുന്ന ആമിർ ചിത്രം. ജൂൺ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള് സാവ്ധാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര് എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights: Aamir khan and rajkumar hirani to join hands once again