വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് സിനിമ ഉണ്ടാക്കിയത്. എന്നാൽ ചിത്രത്തിലെ രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിൽ മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്.
ലിയോയുടെ വിമർശനങ്ങൾ തന്നെ വലുതായി ബാധിച്ചിട്ടില്ലെന്നും സിനിമയിലെ കുറവുകളെ താൻ മനസിലാക്കുന്നുവെന്നും ലോകേഷ് പറഞ്ഞു. 'ലിയോയുടെ വിമർശനങ്ങൾ എന്നെ ഒരുപാട് ബാധിച്ചു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ശരിക്കും അങ്ങനെ സംഭവിച്ചിട്ടില്ല. ആ വിമർശനങ്ങൾ എല്ലാം എനിക്ക് കിട്ടിയ ഒരു ബോധവൽക്കരണം ആയി ഞാൻ കാണുന്നു. സിനിമ മുഴുവനായി പരാജയപ്പെട്ടിരുന്നെങ്കിൽ അടുത്തത് എന്ത് ചെയ്യണം എന്നതിനെപ്പറ്റി ഞാൻ ആലോചിച്ചേനെ. ലിയോയുടെ ഫ്ലാഷ്ബാക്കിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് ഞാൻ പിന്നീട് മനസിലാക്കി. അതിന് നിരവധി കാരണങ്ങൾ ഉണ്ട് പക്ഷെ അതിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. എല്ലാ കുറ്റങ്ങളും ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ഇനിയും നന്നായി അത് ഹാൻഡിൽ ചെയ്യണമായിരുന്നു. പക്ഷെ ആ 20 മിനിറ്റ് സിനിമയുടെ ബിസിനസിനെയോ റീ വാച്ച് വാല്യൂവിനെയോ ബാധിച്ചിട്ടില്ല', ലോകേഷ് പറഞ്ഞു.
സെവന് സ്ക്രീന് സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്ജുന് സര്ജ, ഗൗതം വാസുദേവ് മേനോന്, മന്സൂര് അലി ഖാന്, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
Content Highlights: There was a Dip in the leo flashback, I take all the blame says lokesh