ഹൃദയങ്ങളില്‍ നിറഞ്ഞ് ആസിഫിന്റെ സര്‍ക്കീട്ട്; സക്‌സസ് ടീസര്‍ പുറത്ത്

ആസിഫിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ അമീറെന്നാണ് ഉയരുന്ന പ്രതികരണങ്ങള്‍.

ആസിഫ് അലി നായകനായി എത്തിയ സര്‍ക്കീട്ട് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഹൃദയം തൊടുന്ന ചിത്രമെന്നാണ് പ്രേക്ഷകര്‍ സിനിമയെ കുറിച്ച് അഭിപ്രായപ്പെടുന്നത്. ആസിഫിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ അമീറെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോല്‍, ദിവ്യപ്രഭ എന്നിവരുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലെ പ്രധാന നിമിഷങ്ങളും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കിയുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. പരാജയപ്പെട്ട ആദ്യ ശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദര്‍ശകവിസയ്ക്ക് യുഎഇയിലെത്തിയ ഗള്‍ഫില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തിലൂടെയാണ് സര്‍ക്കീട്ട് കഥ പറയുന്നത്.

എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്. ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിന് ശേഷം താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം - വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈന്‍ പ്രൊഡക്ഷന്‍ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്.

Content Highlights: Sarkeet movie Success teaser out

To advertise here,contact us