സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് നാദാനിയാന്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള് ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. മോശം അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിലെ ഇബ്രാഹിമിന്റെ പ്രകടനം വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇബ്രാഹിം അലി ഖാൻ.
തന്റെ ആദ്യ സിനിമ തന്നെ മികച്ചതാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. ജിക്യു ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇബ്രാഹിം മനസുതുറന്നത്. 'സമ്മർദ്ദം ചെലുത്തരുത്, ഇത് നിങ്ങളുടെ ആദ്യ സിനിമ മാത്രമാണ് എന്ന് എന്നെ പ്രോത്സാഹിപ്പിക്കാനായി നിരവധി പേർ പറയാറുണ്ട്. അത് എനിക്ക് ഓക്കേ അല്ല. എന്റെ ആദ്യ സിനിമ മികച്ചതാകണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ആദ്യ സിനിമയിലെ പെർഫോമൻസ് തന്നെ മികച്ചതാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ ഞാൻ പഠിക്കും, എനിക്ക് പഠിക്കണം', ഇബ്രാഹിം പറഞ്ഞു.
ഇബ്രാഹിമിന്റെ ഡയലോഗ് ഡെലിവെറിക്കും മോശം അഭിപ്രായങ്ങളാണ് നേരിട്ടത്. വളരെ മോശം മോഡുലേഷൻ ആണ് ഇബ്രാഹിമിന്റേതെന്നും നടൻ ഒരു രീതിയിലും അഭിനയിക്കാൻ ശ്രമം നടത്തുന്നില്ലെന്നും കമന്റുകളുണ്ട്. കരണ് ജോഹറിന്റെ പ്രൊഡക്ഷന് ഹൗസായ ധര്മാറ്റിക് എന്റര്ടെയിന്മെന്റ് നിര്മിച്ച ചിത്രം സംവിധാനം ചെയ്തത് ഷോന ഗൗതമാണ്. ഷോനയുടെ ആദ്യ സിനിമയായ 'നാദാനിയാന്' ഡല്ഹിയുടെ പശ്ചാത്തലത്തില് ഒരു പ്രണയകഥയാണ് പറയുന്നത്. സൗത്ത് ഡല്ഹിയില് നിന്നുള്ള പ്രിയ എന്ന പെണ്കുട്ടിയുടെയും നോയിഡയില് നിന്നുള്ള അര്ജുന് എന്ന മിഡില്ക്ലാസ് പയ്യന്റെയും ആദ്യപ്രണയത്തിന്റെ കഥയാണ് നാദാനിയാന് പറയുന്നത്.
ഇബ്രാഹിമിന്റേതായി മൂന്ന് ചിത്രങ്ങളാണ് 2025-ല് റിലീസിനൊരുങ്ങുന്നത്. നാദാനിയാന് പുറമേ, കജോളിനും പൃഥ്വിരാജിനുമൊപ്പം അഭിനയിക്കുന്ന സര്സമീന്, മഡോക്ക് ഫിലിംസിന്റെ ബാനറില് ഒരുങ്ങുന്ന ദിലേര് എന്നിവയും റിലീസിന് തയ്യാറെടുക്കുകയാണ്. ദിലേറിലൂടെ ഇബ്രാഹിമിന്റെ നായികയായി സൗത്ത് സെന്സേഷന് ശ്രീലീല ബോളിവുഡിലേക്ക് അരങ്ങേറുന്നു എന്നതും വലിയ വാര്ത്തയായിരുന്നു.
Content Highlights: Ibrahim Ali Khan reacts to Nadaaniyan trolls